News

ക്രിസ്തുമസിന് ഭീകരർ രക്തച്ചൊരിച്ചിൽ നടത്തുമെന്ന ഭീതിയിൽ നൈജീരിയൻ ക്രൈസ്തവർ: ആശങ്ക പങ്കുവെച്ച് ന്യൂയോർക്ക് പോസ്റ്റില്‍ ലേഖനം

പ്രവാചക ശബ്ദം 14-12-2020 - Monday

വാഷിംഗ്ടണ്‍ ഡി‌സി: നൈജീരിയയിൽ ക്രൈസ്തവ വിശ്വാസികൾക്കെതിരെ ഇസ്ലാമിക ഭീകരർ അഴിച്ചുവിടുന്ന കടുത്ത പീഡനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയും ആശങ്കയും പങ്കുവെച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റില്‍ ലേഖനം. ഈ വർഷവും ദൈവപുത്രന്റെ തിരുപിറവി ആഘോഷിക്കാനായി കാത്തിരിക്കുന്ന നൈജീരിയയിലെ വിശ്വാസി സമൂഹത്തെ തീവ്രവാദികളെ കുറിച്ചുള്ള ആശങ്ക അലട്ടുന്നുണ്ടെന്നും സമ്പന്ന രാഷ്ട്രങ്ങള്‍ രാജ്യത്തിന് വന്‍തുക നല്‍കിയിട്ടും തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ഭരണനേതൃത്വത്തിനായില്ലെന്നും കോൺഗ്രസ് ഓഫ് ക്രിസ്ത്യൻ ലീഡേഴ്സ് എന്ന സംഘടനയുടെ അധ്യക്ഷൻ ജോണി മൂര്‍ ന്യൂയോര്‍ക്ക് പോസ്റ്റില്‍ കുറിച്ചു.

ഈ വർഷമാദ്യം നൈജീരിയയിലെ ഗോനാൻ റോഗോ എന്ന ഗ്രാമത്തിൽ 20 ക്രൈസ്തവ വിശ്വാസികളെ അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ച് അവരുടെ ഭവനങ്ങളിൽ കയറിയിറങ്ങി ഭീകരർ കൊല ചെയ്ത സംഭവം വിവരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ലേഖനം ആരംഭിക്കുന്നത്. മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ പോലും തീവ്രവാദികൾ അന്ന് വെറുതെ വിട്ടില്ല. മുസ്ലിം ഫുലാനി ഗോത്ര വർഗ്ഗത്തിൽ പെട്ടവരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറാം തുടങ്ങിയ തീവ്രവാദ സംഘടനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ക്രൈസ്തവ വിശ്വാസികളെ കശാപ്പു ചെയ്യുന്ന ആളുകളാണ് ഫുലാനികൾ.

ഇന്റർനാഷണൽ കമ്മിറ്റി ഓൺ നൈജീരിയ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ സ്റ്റീഫൻ എനേഡ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം 63,000 ക്രൈസ്തവ വിശ്വാസികളാണ് അടുത്ത കാലത്ത് നൈജീരിയയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി വൈദികരെയും, പാസ്റ്റർമാരെയും തീവ്രവാദികൾ ദാരുണമായി മരണത്തിലേക്ക് തള്ളിവിട്ടു. ദേവാലയങ്ങളും, ക്രൈസ്തവ ഭവനങ്ങളും അഗ്നിക്കിരയാക്കി. അവർക്കെതിരായി മുന്നോട്ടുവന്ന മുസ്ലിം വിശ്വാസികളെയും തീവ്രവാദികൾ വെറുതെ വിട്ടില്ലെന്ന് ജോണി മൂറിന്റെ ലേഖനത്തിൽ പറയുന്നു.

കഴിഞ്ഞ ക്രിസ്മസിന് 11 ക്രൈസ്തവ വിശ്വാസികളയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക എന്ന സംഘടന ശിരച്ഛേദം ചെയ്തത്. ഇത് അവർ വീഡിയോയിൽ ചിത്രീകരിച്ചു. ക്രിസ്തുമസ് ആഘോഷങ്ങൾക്കുശേഷം വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു ഒരു ക്രൈസ്തവ വിശ്വാസിയെ രണ്ടാഴ്ചകൾക്ക് ശേഷം തീവ്രവാദികൾ വധിച്ചു. നൈജീരിയയിലെ അവസ്ഥ കൈവിട്ട് പോവുകയാണെന്നും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ നൈജീരിയയുടെ കാര്യം ഇനി വിസ്മരിക്കാൻ സാധിക്കില്ലെന്നും ജോണി മൂർ വ്യക്തമാക്കി. ഇപ്പോഴത്തെ അമേരിക്കൻ സർക്കാരിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതസ്വാതന്ത്ര്യം കൂടുതൽ മെച്ചപ്പെട്ട തലത്തിലേയ്ക്ക് എത്തിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിച്ചെങ്കിലും നൈജീരിയയിൽ ഇനിയും കാര്യങ്ങൾ മെച്ചപ്പെടുത്താൻ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ നൈജീരിയൻ അംബാസഡറായ മേരി ബത്ത് ലിയോനാർഡിനെ ജോണി മൂർ വിമർശിച്ചു. വിശ്വാസത്തിന്റെ പേരിലാണ് നൈജീരിയയിൽ ക്രൈസ്തവർ കൊല്ലപ്പെടുന്നത് എന്ന സത്യം അവർ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറിച്ചു. ഒരു വർഷം ഒരു ബില്യൻ ഡോളർ ആണ് അമേരിക്ക നൈജീരിയയ്ക്ക് സാമ്പത്തിക സഹായം നൽകുന്നത്. മറ്റ് സമ്പന്ന രാജ്യങ്ങളും സഹായം നൽകാറുണ്ട്. എന്നിട്ടും നൈജീരിയയിലെ സാഹചര്യങ്ങളിൽ മാറ്റം വരാത്തത് വിദേശ നയത്തിലെ തോൽവി തന്നെയാണെന്ന് ജോണി മൂർ തന്റെ ലേഖനത്തിൽ കൂട്ടിച്ചേർത്തു. നൈജീരിയയിൽ പീഡിപ്പിക്കപ്പെടുന്ന ആളുകളുടെ ശബ്ദമായി നാം മാറണം എന്ന ആഹ്വാനത്തോടെയാണ് ന്യൂയോർക്ക് പോസ്റ്റിലെ അദ്ദേഹത്തിന്റെ ലേഖനം അവസാനിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »