Arts

ജര്‍മ്മന്‍ കത്തീഡ്രലില്‍ കണ്ടെത്തിയ ചുവര്‍ച്ചിത്രങ്ങള്‍ക്കു ആയിരം വര്‍ഷങ്ങളുടെ പഴക്കം

പ്രവാചക ശബ്ദം 15-12-2020 - Tuesday

ഓസ്‌ബര്‍ഗ്: ജര്‍മ്മനിയിലെ ഓഗ്സ്‌ബര്‍ഗ് കത്തീഡ്രലില്‍ കണ്ടെത്തിയ ‘ചരിത്ര കലാനിധികള്‍’ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ചുവര്‍ച്ചിത്രങ്ങളുടെ പഴക്കം സംബന്ധിച്ച ദശാബ്ദങ്ങള്‍ നീണ്ട നിഗൂഢതയുടെ ചുരുളഴിഞ്ഞു. വിശുദ്ധ സ്നാപക യോഹന്നാന്റെ ജീവിതവും മരണവും പ്രതിപാദിക്കുന്ന ഈ രണ്ടു ചുവര്‍ച്ചിത്രങ്ങള്‍ക്കും ഏതാണ് ആയിരം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന്‍ ഗവേഷകര്‍ കണ്ടെത്തി. 1930-കളില്‍ കണ്ടെത്തിയ ഈ ചുവര്‍ച്ചിത്രങ്ങളുടെ പഴക്കം കലാ ചരിത്രകാരന്‍മാര്‍ക്കിടയിലും, സഭാധികാരികള്‍ക്കിടയിലും നിഗൂഢമായി അവശേഷിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഗവേഷകര്‍ ഇവയുടെ പഴക്കം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

ചരിത്രപരമായ കെട്ടിടങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകരും, പുനരുദ്ധാരണ വിദഗ്ദരും അടങ്ങുന്ന ഒരു സംഘം ചുവര്‍ച്ചിത്രങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിനൊടുവില്‍ അമൂല്യ കലാസൃഷ്ടികള്‍ പതിനൊന്നാം നൂറ്റാണ്ടിലെതാണെന്ന് കണ്ടെത്തുകയായിരിന്നു. വടക്കന്‍ ആല്‍പ്സ് മേഖലയില്‍ നിന്നും കണ്ടെത്തിയിട്ടുള്ള ആദ്യ മധ്യ-കാലഘട്ട ദേവാലയ പെയിന്റിംഗുകളില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ഉദാഹരണങ്ങളാണ് ഓഗ്സ്‌ബര്‍ഗ് കത്തീഡ്രലില്‍ കണ്ടെത്തിയ ചുവര്‍ച്ചിത്രങ്ങളെന്നു ചരിത്ര കെട്ടിടങ്ങളുടെ സംരക്ഷണ ചുമതലയുള്ള ബാവരിയ സംസ്ഥാന കാര്യാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഓഗ്സ്‌ബര്‍ഗ് കത്തീഡ്രല്‍ പണികഴിപ്പിച്ചപ്പോള്‍ മുതലുള്ളതായിരിക്കാം ഈ ചുവര്‍ച്ചിത്രങ്ങളെന്നാണ് അനുമാനിക്കപ്പെടുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദേവാലയത്തിന്റെ സവിശേഷ രൂപകല്‍പ്പനയുടെ തെളിവാണീ ചുവര്‍ച്ചിത്രങ്ങളെന്ന്‍ ഓഗ്സ്‌ബര്‍ഗ് കത്തീഡ്രലിലെ അര്‍മിന്‍ സൂണ്‍ ചൂണ്ടിക്കാട്ടി. രണ്ട് ചിത്രങ്ങള്‍ക്ക് പുറമേ മൂന്നാമതൊരു ചിത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നു ഓഗ്സ്‌ബര്‍ഗ് രൂപത ജര്‍മ്മനിയിലെ ‘കത്തോലിക്ക ന്യസ് ഏജന്‍സി’ (കെ.എന്‍.എ) യോട് വെളിപ്പെടുത്തി. ചിത്രങ്ങളില്‍ ഒന്ന് സ്നാപക യോഹന്നാന്റെ വധത്തേയും, മറ്റൊന്ന്‍ അദ്ദേഹത്തിന്റെ അടക്കം ചെയ്യലിനേയുമാണ്‌ പ്രതിപാദിക്കുന്നത്. പതിനാലാം നൂറ്റാണ്ടിലെ ഗോത്തിക്ക് ജാലക നിര്‍മ്മാണത്തിനിടെ നശിച്ചുപോയെന്ന് അനുമാനിക്കപ്പെടുന്ന മൂന്നാമത്തെ ചിത്രം സ്നാപകയോഹന്നാന്റെ ജനനത്തേയും നാമകരണത്തേയും പ്രതിപാദിക്കുന്നതായിരിക്കാമെന്നാണ് ബാവരിയ ഉദ്യോഗസ്ഥന്‍ പറയുന്നത്. 2000-ല്‍ യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട തെക്കന്‍ ജര്‍മ്മനിയിലെ റെയിച്ചാവു ദ്വീപിലെ സെന്റ്‌ ജോര്‍ജ് ദേവാലയത്തില്‍ കണ്ടെത്തിയ ചുവര്‍ച്ചിത്രങ്ങളോട് സാമ്യമുള്ള രചനാശൈലിയാണ് ഈ ചുവര്‍ച്ചിത്രങ്ങള്‍ക്കുമുള്ളത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »