News - 2025
യുകെയിലെ ദേവാലയങ്ങള്‍ക്കും ചാപ്പലുകള്‍ക്കും ക്രിസ്തുമസിന് മുന്‍പ് അരമില്യണ്‍ പൗണ്ട് കൈമാറും
പ്രവാചക ശബ്ദം 16-12-2020 - Wednesday
ലണ്ടന്‍: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു ദേവാലയ നടത്തിപ്പിന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നാല്‍പ്പത്തിയഞ്ചോളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ചാപ്പലുകള്‍ക്കും നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റിന്റെ സാമ്പത്തിക സഹായം. ക്രിസ്തുമസിന് മുന്‍പായി 4,63,000 പൗണ്ട് (നാലര കോടിയിലധികം ഇന്ത്യന്‍ രൂപ ) നല്‍കുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന്‍ നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവനായ എഡ്ഢി ടുളസിയവിക്സ് അറിയിച്ചു. മേല്‍ക്കൂരയുടെ പുനര്‍നിര്‍മ്മാണത്തിനായി ഹള്‍ മിന്‍സ്റ്റര്‍ ദേവാലയത്തിന് 50,000 പൗണ്ടും, മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ക്കായി മാഞ്ചെസ്റ്ററിലെ ഹോളി നെയിം ഓഫ് ജീസസ് ദേവാലയത്തിന് 25,000 പൗണ്ടുമാണ് ലഭിക്കുക. വിശ്വാസികളില്‍ നിന്നുള്ള ഞായറാഴ്ച സ്തോത്രക്കാഴ്ചയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ദേവാലയങ്ങള്‍ക്ക് ഈ സഹായം വലിയ ആശ്വാസമാകുമെന്നാണ് നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റിന്റെ പ്രതീക്ഷ.
ആഴ്ചതോറും ദേവാലയത്തില്‍ വരുന്നവരില്‍ നിന്നും ലഭിക്കുന്ന സ്തോത്രക്കാഴ്ച പള്ളികളുടെ വരുമാന സ്രോതസ്സിന്റെ വലിയൊരു ഉറവിടമായിരുന്നെന്നും എഡ്ഢി ടുളസിയവിക് കൂട്ടിച്ചേര്‍ത്തു. നിരവധി ദേവാലയങ്ങള്‍ക്ക് ഹാളുകള്‍ പോലെയുള്ള സൗകര്യങ്ങള്‍ ഉണ്ട്, അത് വാടകക്ക് കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു. പകര്‍ച്ചവ്യാധി കാരണം അതെല്ലാം താറുമാറായിരിക്കുകയാണ്. ദേവാലയങ്ങള്‍ പിടിച്ചുനില്‍ക്കുവാന്‍ ബുദ്ധിമുട്ടുകയാണ്-എഡ്ഢി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഇതുവരെ 260 ഗ്രാന്റുകള്‍ വഴി 17,23,000 പൗണ്ടിന്റെ സാമ്പത്തിക സഹായം നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 72 ഗ്രാന്റുകള്‍ ഈ വര്‍ഷം കൂടുതലാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക