Arts - 2024

ലോകപ്രശസ്ത പുരസ്കാരമായ 'ഫെര്‍ണാണ്ടോ റിയലോ വേള്‍ഡ് പ്രൈസ്' സ്പാനിഷ് കത്തോലിക്ക വൈദികന്

പ്രവാചക ശബ്ദം 17-12-2020 - Thursday

മാഡ്രിഡ്: വായനക്കാരുടെ മനസ്സുകളില്‍ സ്വര്‍ഗ്ഗീയ പ്രതീതി സൃഷ്ട്ടിക്കുന്ന 'ദി വോയിസ് ഓഫ് യുവര്‍ ഹാര്‍ട്ട് ബീറ്റ്' എന്ന ചെറു കവിതാ സമാഹാരത്തിന് സ്പാനിഷ് കത്തോലിക്ക വൈദികന് മിസ്റ്റിക് കവിതയ്ക്കുള്ള ലോകപ്രശസ്ത പുരസ്കാരമായ “എക്സ് എല്‍ ഫെര്‍ണാണ്ടോ റിയലോ വേള്‍ഡ് പ്രൈസ് ഫോര്‍ മിസ്റ്റിക് പോയട്രി” അവാര്‍ഡ്. 29 രാഷ്ട്രങ്ങളില്‍ നിന്നുള്ള 278 കവിതാസമാഹാരങ്ങളോട് മത്സരിച്ചാണ് ഫാ. ജുവാന്‍ അന്റോണിയോ റൂയിസ് റോഡ്രിഗോ ഉന്നത പുരസ്കാരം കരസ്ഥമാക്കിയത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു ഇക്വഡോറിലെ ലോജാ സര്‍വ്വകലാശാല, മാഡ്രിഡ്, റോം എന്നിവിടങ്ങളില്‍ വിര്‍ച്വലായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവരെ സാക്ഷിനിര്‍ത്തിക്കൊണ്ട് ഫാ. ജുവാന്‍ അവാര്‍ഡ് തുകയായ ഏഴായിരം യൂറോയും, സ്മരണികയും സ്വീകരിച്ചു.

ഡിസംബര്‍ 14നായിരിന്നു പുരസ്കാര സമര്‍പ്പണം. ആത്മാവ് സ്നേഹത്തിന്റെ നൊമ്പരത്തിന് വഴിമാറികൊടുക്കുന്ന ദൈവവുമായുള്ള അടുപ്പത്തിന്റെ പ്രകടമായ നാഴികക്കല്ലാണ് “നിങ്ങളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം” എന്ന കവിതാ സമാഹാരത്തിലെ ഓരോ രചനയുമെന്നു റിയലോ ഫൗണ്ടേഷനിലെ ഫെര്‍ണാണ്ടോ പറഞ്ഞു. മാഡ്രിഡിലെ ഡാമാസോയിലെ എക്ലേസിയസ്റ്റിക്കല്‍ സര്‍വ്വകലാശാലയിലെ പ്രൊഫസ്സറായ ഫാ. ജുവാന്‍ വിശുദ്ധ ലിഖിതങ്ങളില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സ്പാനിഷ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സും, സാലമാന്‍കാ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയും അദ്ദേഹത്തെ ജെറുസലേമിലെ സ്പാനിഷ് ബിബ്ലിക്കല്‍ ആന്‍ഡ്‌ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിച്ചത് സമീപകാലത്താണ്.

നിരവധി ലേഖനങ്ങളുടേയും പ്രബന്ധങ്ങളുടേയും രചയിതാവായ ഇദ്ദേഹത്തിന് സാഹിത്യത്തിനുള്ള സ്പാനിഷ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷങ്ങളായി നല്‍കിവരുന്ന ലോക പ്രശസ്ത പുരസ്കാരമാണ് എക്സ് എല്‍ ഫെര്‍ണാണ്ടോ റിയലോ വേള്‍ഡ് പ്രൈസ് ഫോര്‍ മിസ്റ്റിക് പോയട്രി അവാര്‍ഡ്. റോമിലെ കാംപിഡോഗ്ലിയോ, യുനെസ്കോ, യു.എന്‍, വത്തിക്കാനിലെ സ്പാനിഷ് എംബസി, ഇന്‍സ്റ്റിറ്റ്യൂട്ടോ സെര്‍വാന്റെ, കൊളോണ്‍ സിറ്റി ഹില്ലിലെ ഗോത്തിക്ക് ഹാള്‍ എന്നിവ ഈ ഉന്നത പുരസ്കാര ദാനത്തിന് വേദിയായിട്ടുണ്ട്. ദൈവീക സാന്നിധ്യത്തിന്റെ ആനന്ദത്തേക്കുറിച്ച് പറയുന്ന “എല്‍ ഡെലിറിയോ ഡെല്‍ ബാരോ” എന്ന കവിതക്ക് ജൂലിയോ എസ്റ്റോറിനോക്കാണ് രണ്ടാം സ്ഥാനം ലഭിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »