News - 2024

പ്രതിരോധ പ്രവർത്തനങ്ങൾക്ക് വത്തിക്കാൻ പൗരസ്ത്യ സംഘം നൽകിയത് 11.7 മില്യൺ ഡോളറിന്റെ സഹായം

പ്രവാചക ശബ്ദം 27-12-2020 - Sunday

വത്തിക്കാന്‍ സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം 21 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിശ്വാസി സമൂഹത്തിന് 11.7 മില്യൺ ഡോളറിന്റെ സഹായം എത്തിച്ചു. ഭക്ഷണവും, വെൻറിലേറ്റർ അടക്കമുള്ള അവശ്യ സാധനങ്ങളും തിരുസംഘം മുൻകൈയ്യെടുത്ത് സാധാരണക്കാരായ ജനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ഏപ്രിലിൽ സഹായം നൽകുമെന്ന് പ്രഖ്യാപനം നടത്തിയതിന് ശേഷം, എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത് എന്നതിനെപ്പറ്റി വിശദമാക്കുന്ന രേഖാസമാഹാരം ഡിസംബർ 22നു തിരുസംഘം പ്രസിദ്ധീകരിച്ചിരുന്നു.

പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ലിയാനാർഡോ സാന്ദ്രി ഇരുപത്തിയൊന്നാം തീയതി രേഖ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറി. ഈ പ്രതിസന്ധിഘട്ടത്തിൽ പ്രതീക്ഷയുടെ അടയാളമാണ് സഹായങ്ങളെന്ന് അദ്ദേഹം വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സർവീസ്, കാരിത്താസ് ഇൻറർനാഷണലിസ്, എയിഡ് ടു ദി ചർച്ച് നീഡ് സംഘടനകളും, അമേരിക്കൻ, ഇറ്റാലിയൻ മെത്രാൻ സമതികൾ അടക്കമുള്ളവയും സാമ്പത്തിക സഹായം നൽകി.

ഏറ്റവും കൂടുതൽ തുകയുടെ സഹായം (4.1 മില്യൺ ഡോളർ) ഇസ്രായേൽ, പലസ്തീൻ, ഗാസാ, ജോർദാൻ, സൈപ്രസ് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് നൽകിയിരിക്കുന്നത്. കുട്ടികൾക്ക് കത്തോലിക്ക സ്കൂളുകളിൽ പഠിക്കാനുള്ള സ്കോളർഷിപ്പും ഇതിലുൾപ്പെടുന്നുണ്ട്. സിറിയ, ഇന്ത്യ, എത്യോപിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലേക്കും ഭക്ഷണസാധനങ്ങളും തെർമോമീറ്റർ, മുഖാവരണം തുടങ്ങിയവയും നൽകിയിട്ടുണ്ട്. കൂടാതെ വിവിധ രൂപതകൾക്ക് വിശുദ്ധ കുർബാനയും, മറ്റ് പ്രാർത്ഥനകളും തൽസമയം വിശ്വാസികളിൽ എത്തിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങളും തിരുസംഘം ചെയ്തു നൽകി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »