News - 2025

ഗര്‍ഭഛിദ്ര ഭേദഗതി: അർജന്റീന പ്രസിഡന്റിനെ കൊലയാളി എന്ന് വിശേഷിപ്പിച്ച് മെക്സിക്കൻ താരം

പ്രവാചക ശബ്ദം 03-01-2021 - Sunday

ബ്യൂണസ് അയേഴ്സ്: ലാറ്റിന്‍ അമേരിക്കൻ രാജ്യമായ അർജന്റീന ഭ്രൂണഹത്യ നിയമവിധേയമാക്കിയതിനു പിന്നാലെ, പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് അടിയുറച്ച കത്തോലിക്ക വിശ്വാസിയും പ്രശസ്ത മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, മോഡലുമായ എഡ്വാര്‍ഡോ വേരാസ്റ്റെഗുയി. 'ശിശുക്കളുടെ കൊലയാളി' എന്നാണ് അദ്ദേഹം പ്രസിഡന്റിനെ വിശേഷിപ്പിച്ചത്. ഇലക്ഷൻ പ്രചാരണ സമയത്ത് നൽകിയ വാഗ്ദാനം പാലിക്കാൻ എത്ര പണം വാങ്ങി എന്ന് ചോദിച്ച നടന്‍ യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കാൻ പണം വാങ്ങിയ യൂദാസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി.

സ്വയം പ്രതിരോധിക്കാൻ ഒട്ടും ശേഷിയില്ലാത്ത ശിശുക്കളുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കാത്ത പ്രസിഡന്റ് മറ്റുള്ളവരുടെ ജീവൻ എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സ്വന്തം കരുത്തുമായി കിടപിടിക്കാൻ സാധിക്കുന്ന ആരെയെങ്കിലും കണ്ടെത്തി അവരുമായി പോരാടണമെന്നും നിഷ്കളങ്കരായ ശിശുക്കളെ വെറുതെ വിടണമെന്നും മെക്സിക്കൻ താരം ആവശ്യപ്പെട്ടു. ഡിസംബർ 30നു 12 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 29 നെതിരെ 38 വോട്ടുകൾക്ക് പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് കൊണ്ടുവന്ന ഭ്രൂണഹത്യ അനുകൂല ബില്ല് സെനറ്റ് പാസാക്കിയത്.

അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസ് ഡിസംബർ പതിനൊന്നാം തീയതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. പുതിയ നിയമമനുസരിച്ച് പതിമൂന്നു വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ മുതലുള്ളവര്‍ക്ക് 14 ആഴ്ച വരെ ഭ്രൂണഹത്യ നടത്താൻ സാധിക്കും. കൂടാതെ പീഡനം, അമ്മയുടെ ജീവന് ഭീഷണി നേരിടുന്ന സാഹചര്യം തുടങ്ങിയ സന്ദർഭങ്ങളിൽ 9 മാസം വരെ ഭ്രൂണഹത്യ ചെയ്യാനും സാധിക്കും. ഭ്രൂണഹത്യ അനുകൂല ബില്ല് പാസായതിൽ പ്രസിഡന്റ് ആനന്ദം പ്രകടിപ്പിച്ചിരുന്നു. ഇന്നല്ലെങ്കിൽ, നാളെ ആൽബർട്ടോ ഫെർണാണ്ടസിന് ജയിലിൽ പോകേണ്ടി വരുമെന്ന് എഡ്‌വേഡോ വെരസ്റ്റാജൂയി ട്വിറ്ററിൽ കുറിച്ചു.

അടിയുറച്ച ക്രൈസ്തവ വിശ്വാസിയും മരിയ ഭക്തനുമായ വേരാസ്റ്റെഗുയി അറിയപ്പെടുന്ന മനുഷ്യാവകാശ നേതാവ് കൂടിയാണ്. കൊറോണ പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്കും, ഇതു മൂലം ദാരിദ്ര്യത്തിലായവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ലക്ഷ്യത്തോടെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജപമാല പ്രാര്‍ത്ഥന യത്നത്തിന് വേരാസ്റ്റെഗുയി ആരംഭം കുറിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »