News - 2025
യുഎസ് കാപ്പിറ്റോളില്‍ നടന്ന അക്രമത്തെ അപലപിച്ച് അമേരിക്കന്‍ മെത്രാന്മാര്‍
പ്രവാചക ശബ്ദം 07-01-2021 - Thursday
വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കവേ കാപ്പിറ്റല്‍ കെട്ടിടത്തിലേക്ക് നുഴഞ്ഞു കയറി ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തെ കത്തോലിക്ക മെത്രാന്‍മാര്‍ അപലപിച്ചു. അതിരുവിട്ട പ്രതിഷേധം നിയമസാമാജികരെ ഒഴിപ്പിക്കുന്നതിനും ഒരാള്‍ പോലീസിന്റെ വെടിയേറ്റ് മരിക്കുന്നതിനും കാരണമായ സാഹചര്യത്തിലാണ് മെത്രാന്‍മാരുടെ പ്രതികരണം. കാപ്പിറ്റോള്‍ കെട്ടിടത്തില്‍ നടന്ന അക്രമത്തെ അപലപിക്കുന്നവര്‍ക്കൊപ്പം താനും പങ്കുചേരുന്നുവെന്നും അമേരിക്കക്കാരായ നാം ഇതല്ല ചെയ്യേണ്ടതെന്നും കാപ്പിറ്റോള്‍ സ്റ്റാഫിനും, പോലീസിനും, പൊതുസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും യു.എസ് മെത്രാന്‍ സമിതി പ്രസിഡന്റും, ലോസ് ആഞ്ചലസ് മെത്രാപ്പോലീത്തയുമായ ജോസ് ഗോമസ് പ്രസ്താവിച്ചു.
സമാധാനപൂര്‍വ്വമായ അധികാര കൈമാറ്റം രാഷ്ട്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണെന്നും, രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ക്കും, തത്വങ്ങള്‍ക്കും, ജനാധിപത്യത്തിനും നമ്മെ തന്നെ സമര്‍പ്പിച്ചുകൊണ്ട് ദൈവത്തിന്റെ കീഴില്‍ ഒരൊറ്റ രാഷ്ട്രമായിരിക്കാമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ജനാധിപത്യം നിഷേധിക്കപ്പെട്ടുവെന്നുള്ള ആശങ്ക പ്രകടിപ്പിക്കുവാന്‍ കാപ്പിറ്റോള്‍ ആക്രമിക്കുന്നത് തെറ്റും ദോഷകരവുമാണെന്നും, അക്രമത്തിലൂടെ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ പരിഹരിക്കുവാന്‍ കഴിയില്ലെന്നും സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോര്‍ കോര്‍ഡിലിയോണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു. രാഷ്ട്രത്തെ പരിശുദ്ധകന്യകാ മാതാവിന്റെ ഹൃദയത്തിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “സമാധാനത്തിന്റെ ദൈവമേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ” എന്നാണ് യു.എസ് മെത്രാന്‍ സമിതി ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്ത വില്ല്യം ലോറിയും പ്രതികരണം നടത്തിയിട്ടുണ്ട്. സംഭവത്തെ ഞെട്ടിപ്പിക്കുന്നതും നിയമവിരുദ്ധവുമായ പ്രവര്‍ത്തിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബ്രൂക്ലിന്‍ മെത്രാന്‍ നിക്കോളാസ് ഡിമാര്‍സിയോയും ബ്രിഡ്ജ്പോര്‍ട്ട് മെത്രാന്‍ ഫ്രാങ്ക് കാഗ്ഗിയാനോയും രംഗത്തെത്തിയിരുന്നു. ഏതാനും സംസ്ഥാനങ്ങളിലെ ബാലറ്റുകളില്‍ ക്രമക്കേട് ആരോപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. വൈറ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ കാപ്പിറ്റോള്‍ കെട്ടിടത്തിലേക്ക് ജാഥയായി നീങ്ങുന്നതിനിടയില്‍ ചിലര്‍ പോലീസിനേയും, മാധ്യമപ്രവര്‍ത്തകരേയും ആക്രമിക്കുകയായിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക