News - 2025
ജീവനുവേണ്ടിയുള്ള അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ജാഗരണ പ്രാര്‍ത്ഥന ഇത്തവണ വിര്‍ച്വല്‍ രൂപത്തില്‍
പ്രവാചക ശബ്ദം 12-01-2021 - Tuesday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ഭ്രൂണഹത്യ നിയമപരമാകുവാന്‍ ഇടയാക്കിയ ‘റോ വി. വേഡ്’, ‘ഡോയ് വി. ബോള്‍ട്ടണ്‍’ കേസുകളുടെ വാര്‍ഷികത്തോടനുബന്ധിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന ജീവനുവേണ്ടിയുള്ള വാര്‍ഷിക ജാഗരണ പ്രാര്‍ത്ഥന കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്‍ വിര്‍ച്വലായി നടത്തുവാന്‍ തീരുമാനിച്ചു. ജനുവരി 28-29 തീയതികളിലായി ഓണ്‍ലൈനിലൂടെയാണ് ഇത്തവണ പ്രാര്‍ത്ഥന നടത്തുക. അമേരിക്കയിലെ വിവിധ രൂപതകളിലെ മെത്രാന്മാര്‍ ഓരോ മണിക്കൂര്‍ വീതം മാറിമാറി തത്സമയ സംപ്രേഷണം ചെയ്യുന്ന ജാഗരണ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുമെന്ന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ജാഗരണ പ്രാര്‍ത്ഥനയുടെ തത്സമയ സംപ്രേഷണം ലഭ്യമാക്കും.
ജനുവരി 28 വ്യാഴാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥന 29 രാവിലെ 8 മണിയോടെയാണ് അവസാനിക്കുക. കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയും, ദേശീയ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനുമായ ജോസഫ് എഫ്. നൗമാന്‍ മെത്രാപ്പോലീത്തയാണ് പ്രാരംഭ കുര്‍ബാനയുടെ മുഖ്യ കാര്‍മ്മികനും പ്രാസംഗികനും. ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും, ജീവന്റെ അന്തസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകത എന്നത്തേക്കാളുമധികം ഇന്നാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്ത വില്ല്യം ഇ. ലോറിയാണ് ജനുവരി 29ന് ജാഗരണ പ്രാര്‍ത്ഥനയുടെ സമാപനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കുക.
സാധാരണ വാഷിംഗ്‌ടണ്‍ ഡി.സിയിലെ ‘നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍’ ബസിലിക്കയിലും, മെത്രാന്‍ സമിതിയുടെ പ്രോലൈഫ് സെക്രട്ടറിയേറ്റിലും, വാഷിംഗ്‌ടണ്‍ ഡി.സിയിലെ കത്തോലിക്ക സര്‍വ്വകലാശാലയിലെ അമേരിക്കയുടെ ഓഫീസ് ക്യാമ്പസിലും വെച്ചായിരുന്നു ജാഗരണ പ്രാര്‍ത്ഥന സംഘടിപ്പിക്കാറുള്ളത്. ജാഗരണ പ്രാര്‍ത്ഥനയെ തുടര്‍ന്ന്‍ ഗര്‍ഭഛിദ്രത്തിന്റെ അന്ത്യത്തിന് വേണ്ടിയും, മനുഷ്യജീവന്റെ ബഹുമാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയും സംഘടിപ്പിക്കാറുണ്ടായിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക