India - 2024

"കെസിബിസി ഔദ്യോഗിക മുദ്ര രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് അപലപനീയം"

13-01-2021 - Wednesday

കൊച്ചി: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടെന്നും ഇതു തികച്ചും അപലപനീയമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ ലക്ഷ്യത്തിനുവേണ്ടി സഭയുടെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. 'ഖലീഫാ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാന്‍ ഇനി ഞങ്ങളില്ല' എന്നെഴുതിയ പോസ്റ്ററില്‍ കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് നോബിള്‍ മാത്യു എന്ന വ്യക്തി പ്രചരിപ്പിക്കുന്നതാണ് ഈ കുറിപ്പിന് ആധാരം. അനാവശ്യമായ വര്‍ഗീയപ്രചാരണത്തിനു രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന ശ്രമങ്ങളെ സഭ തള്ളിപ്പറയുന്നു.

കേരള സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചയ്ക്കും സൗഹാര്‍ദത്തിനും മതനിരപേക്ഷതയ്ക്കുമാണു കെസിബിസി നിലപാടെടുക്കുന്നത്. അത്തരം കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കാനുള്ള സംവിധാനങ്ങള്‍ സഭയ്ക്കുണ്ട്. ഇത്തരത്തില്‍ പോസ്റ്റര്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും ഭൂഷണമല്ല. തീവ്രവാദം ഏതു തരത്തിലായാലും അത് നമ്മുടെ നാടിനാപത്താണെന്നു സഭ വിശ്വസിക്കുന്നു. വിഭാഗീയതയ്ക്കതീതമായി നാടിന്റെ നന്മയ്ക്കും മാനവികതയ്ക്കുമായിട്ടാണ് എന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി നിലകൊണ്ടിട്ടുള്ളതെന്നും ഫാ. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ വ്യക്തമാക്കി.


Related Articles »