Life In Christ - 2021

എന്റര്‍ടെയിന്‍മെന്റ് മേഖലയെ സുവിശേഷവത്ക്കരണത്തിനുള്ള അവസരമാക്കി: ഫിലിപ്പീനോ അഭിനേത്രിക്ക് പേപ്പല്‍ പുരസ്കാരം

പ്രവാചക ശബ്ദം 16-01-2021 - Saturday

മനില: ‘മിസ്‌ ഗ്രാന്നി’ എന്ന കോമഡി ഡ്രാമയിലൂടെ പ്രേക്ഷക മനസ്സു കവര്‍ന്ന ഫിലിപ്പീനോ നടി നോവാ വില്ലായ്ക്കു : കത്തോലിക്ക സഭയ്ക്കു നല്‍കിയ മികച്ച സേവനങ്ങളെ മാനിച്ച് അത്മായര്‍ക്ക് നല്‍കുന്ന മാര്‍പാപ്പയുടെ ഏറ്റവും ഉന്നത പുരസ്കാരം ‘ക്രോസ് ഓഫ് ഹോണര്‍’ ‘പ്രൊ എക്ലേസ്യ ഏറ്റ് പൊന്തിഫിസ് ക്രോസ്’ സമ്മാനിച്ചു. ജനുവരി 14ന് ക്യൂസോണ്‍ സിറ്റിയിലെ ടാണ്ടാങ് സോറായിലെ സാന്‍ ലോറന്‍സോ ദേവാലയത്തില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നൊവാലിച്ചസിലെ ബിഷപ്പ് റോബര്‍ട്ടോ ഗായാണ് വില്ലാക്ക് അവാര്‍ഡ് സമ്മാനിച്ചത്. എന്റര്‍ടെയിന്‍മെന്റ് മേഖലയെ സുവിശേഷവത്കരണത്തിനുള്ള ഫലപ്രദമായ ഉപകരണമാക്കി മാറ്റിയതാണ് നോവ വില്ലായെ അവാര്‍ഡിനര്‍ഹയാക്കിയതെന്നു ബിഷപ്പ് റോബര്‍ട്ടോ ഗാ പ്രസ്താവിച്ചു. രൂപതയ്ക്കും ഇടവക സമൂഹത്തിനും ഇതൊരഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ അവാര്‍ഡ് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് തന്നെ അത്ഭുതപ്പെടുത്തി. സെലിബ്രിറ്റി ജീവിതത്തിന്റെ പ്രശസ്തിയും, സൗകര്യങ്ങളും, സന്തോഷവും, ആനന്ദവും, പ്രലോഭനവും ഉണ്ടായിരുന്നെങ്കിലും യേശുവിനെയാണ് തന്റെ ജീവിതത്തിന്റെ രാജാവായി താന്‍ പരിഗണിച്ചിരുന്നത്. നീണ്ട 56 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷം തന്റെ സ്വപ്നവും, ആഗ്രഹവും ഒരു പ്രേഷിത ദൗത്യമായി മാറുകയായിരുന്നു. മദര്‍ ബട്ലര്‍ പോലെയുള്ള സംഘടനകളില്‍ ചേര്‍ന്ന്‍ ഇടവക ജനങ്ങളെ സേവിക്കുന്നതിലേക്ക് തന്നെ നയിച്ചത് ദൈവത്തോടുള്ള തന്റെ സ്നേഹമാണെന്നും വെള്ളിയാഴ്ച റേഡിയോ വേരിത്താസിന് നല്‍കിയ അഭിമുഖത്തില്‍ വില്ലാ പറഞ്ഞു.

താന്‍ യേശുവിന്റെ പ്രബോധനങ്ങള്‍ അനുസരിച്ചാണ് ജീവിച്ചിട്ടുള്ളത്. ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഭയത്തിലും, അരക്ഷിതാവസ്ഥയിലും കഴിയുന്ന കൊറോണ പകര്‍ച്ചവ്യാധിയാകുന്ന ഇരുളിനിടയിലെ വെളിച്ചമായിട്ടാണ് തനിക്ക് ലഭിച്ച അവാര്‍ഡിനെ പരിഗണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ജൂണില്‍ നൊവാലിച്ചസിലെ മുന്‍ മെത്രാനായിരുന്ന അന്റോണിയോ തോബിയാസാണ് പേപ്പല്‍ പുരസ്കാരത്തിനായി വില്ലായുടെ പേര് നിര്‍ദ്ദേശിച്ചത്. തിരുസഭയ്ക്കും സമൂഹത്തിനും വേണ്ടി സേവനം ചെയ്യുന്ന വിശ്വാസികള്‍ക്ക് മാര്‍പാപ്പ നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയാണിത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »