Life In Christ - 2025
ഉന്നത പദവി ഉപേക്ഷിച്ച് സിലിക്കൺ വാലിയിലെ കമ്പനിയുടെ സ്ഥാപക കത്തോലിക്ക സന്യാസ ജീവിതത്തിലേക്ക്
പ്രവാചക ശബ്ദം 17-01-2021 - Sunday
ഡെലോയിറ്റ് എന്ന അന്താരാഷ്ട്ര കമ്പനിയിലെ ഉന്നത ജോലി ഉപേക്ഷിച്ച്, സിലിക്കൺ വാലിയിലെ സ്റ്റാർട്ടപ്പ് കമ്പനിയുടെ സ്ഥാപക കൂടിയായ മോണ്ട്സെ മെദീന എന്ന സ്പാനിഷ് യുവതി കത്തോലിക്കാ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നു. സ്പെയിനിലെ, കാസ്റ്റേലോനിലെ സാൻ മാറ്റു നഗരത്തിൽ സ്ഥിതിചെയ്യുന്ന അഗസ്റ്റീനിയൻ സന്യാസിനികളുടെ മിണ്ടാമഠമായ സാന്താ അനാ ആശ്രമത്തിലാണ് മെദീന പരിശീലനത്തിനായി ചേരുന്നതെന്ന്‍ കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മാസ്റ്റേഴ്സ് ഡിഗ്രികളും, ഗണിതശാസ്ത്രത്തിലും, കമ്പ്യൂട്ടർ എന്ജിനീയറിംഗിലും ഡോക്ടറേറ്റും മോണ്ട്സെ മെദീന ഡോക്ടറേറ്റ് നേടിയത് പ്രശസ്തമായ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ്.
ജെറ്റ്ലോർ എന്ന കമ്പനിയാണ് അവർ സിലിക്കൺവാലിയിൽ സ്ഥാപിച്ചത്. ഇതിനെ പ്രശസ്ത അമേരിക്കൻ കമ്പനിയായ പേപാൽ ഒരിക്കൽ ഏറ്റെടുക്കാൻ മുന്നോട്ടുവന്നിരുന്നു. 2018ൽ വലിയ ഉയർന്ന പദവിയിലാണ് മെദീനയെ ഡെലോയിറ്റ് ജോലിക്കെടുക്കുന്നത്. കത്തോലിക്ക കൂട്ടായ്മകളിൽ പങ്കെടുത്താലും, പാവങ്ങളെ സഹായിച്ചാലും പൂർണ്ണമാക്കാൻ സാധിക്കാത്ത ഒരു ശൂന്യത ജീവിതത്തിലുണ്ടായിരുന്നുവെന്ന്‍ വിരമിക്കുന്ന നേരത്ത് അവർ എഴുതിയ കത്തിൽ കുറിച്ചിരിന്നു. നിശബ്ദതമായ അന്തരീക്ഷത്തില്‍ സദാ പ്രാർത്ഥിക്കുന്ന സാന്താ അനാ ആശ്രമത്തില്‍ മോണ്ട്സെ മെദീന ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടായിരിന്നുവെന്നതും ശ്രദ്ധേയമാണ്.
മോണ്ട്സെ മെദീനയ്ക്ക് ദൈവത്തിന്റെ ശക്തമായ വിളി ഉണ്ടായിരുന്നുവെന്നും, അതിനാലാണ് എല്ലാം ഉപേക്ഷിക്കാൻ അവർ തയ്യാറായതെന്നു സിസ്റ്റര്‍ അസുൻഷുൻ പറഞ്ഞു. തങ്ങളുടെ പ്രാർത്ഥനയിലും മറ്റും മെദീന പങ്കെടുത്ത നിമിഷങ്ങൾ സിസ്റ്റർ അസുൻഷുൻ സ്മരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ജോലികളും പദവികളും ഉപേക്ഷിച്ച് ഇത്തരത്തില്‍ സന്യാസത്തിന് പ്രവേശിക്കുന്ന സ്ത്രീകൾ നിരവധിയാണെന്ന് സിസ്റ്റർ വിശദീകരിച്ചു. സന്യാസ പരിശീലനത്തിന് പ്രവേശിക്കുന്നതിന് മുന്പ് തന്നെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനമായ ലിങ്ക്ഡ് ഇനിൽ മെദീനയുടെ പ്രൊഫൈലിലെ വിവരണത്തിൽ 'ദൈവത്തിന്റെ ദാസി' എന്ന വാക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വരുന്ന ഏപ്രില്‍ മാസത്തില്‍ പതിമൂന്നു സന്യാസിനികളുള്ള സാന്താ അനാ ആശ്രമത്തില്‍ പരിശീലനം ആരംഭിക്കുമെന്നാണ് 'എല്‍ എസ്പനോള്‍' നല്‍കുന്ന റിപ്പോര്‍ട്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക