News - 2025
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കര്‍ദ്ദിനാളുമാരുടെ കൂടിക്കാഴ്ച ഇന്ന്
പ്രവാചക ശബ്ദം 19-01-2021 - Tuesday
ന്യൂഡല്‍ഹി: കത്തോലിക്കാ സഭയിലെ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തും. സിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയിലെ കര്‍ദിനാളുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് രാവിലെ 11ന് പ്രധാനമന്ത്രിയെ കാണുന്നത്.
കൂടിക്കാഴ്ചയ്ക്കു മുന്‍കൈയെടുത്ത മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. കുടുംബാംഗങ്ങളില്‍ മൂന്നു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം കോഴിക്കോട്ട് ക്വാറന്റീനില്‍ കഴിയുകയാണ്.
രാജ്യത്തെ ഏറ്റവും ആദരീണയരായ കര്‍ദിനാള്‍മാരുമായി നേരിട്ടു സംവദിക്കാനാകുന്നതില്‍ പ്രധാനമന്ത്രി മോദി സന്തോഷം അറിയിച്ചിട്ടുണ്ടെന്നും തന്റെ അസാന്നിധ്യം പ്രശ്‌നമല്ലെന്നും ഗവര്‍ണര്‍ ശ്രീധരന്‍പിള്ള പറഞ്ഞു. ഇന്നു രാവിലെ ഒന്പതരയോടെ മിസോറം ഹൗസില്‍ എത്തിയ ശേഷമാകും കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ കാണാനായി പുറപ്പെടുക. കര്‍ദ്ദിനാള്‍മാര്‍ ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തി. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ ക്രൈസ്തവ സഭകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ നടപടി, മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം, ന്യൂനപക്ഷാവകാശ വിഷയങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനം എന്നിവ ചര്‍ച്ചയായേക്കുമെന്നാണ് സൂചന.