News - 2025

നൈജീരിയായില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പ്രവാചക ശബ്ദം 19-01-2021 - Tuesday

അബൂജ: നൈജീരിയന്‍ സംസ്ഥാനമായ നൈജറില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപ്പോയ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുലുവിലെ സെന്റ് ആന്റണി ഇടവക വികാരിയായ ഫാ. ജോൺ ഗ്ബാകാനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജനുവരി 14ന് ബെനു സംസ്ഥാനത്തെ മകുർദിയിൽ അമ്മയെ കാണാൻ പോയി തിരിച്ചുവരുമ്പോഴാണ് ഫാ. ജോൺ ഗ്ബാകാനെയും അദ്ദേഹത്തിന്റെ സഹോദരനെയും മറ്റൊരു വൈദികനെയും ആയുധസംഘം ആക്രമിച്ചത്. തുടക്കത്തിൽ, തട്ടിക്കൊണ്ടുപോയവർ മുപ്പത് ദശലക്ഷം നൈറ ആവശ്യപ്പെട്ടിരുന്നു, പിന്നീട് ഇത് അഞ്ച് ദശലക്ഷം നൈറയായി ചുരുക്കി.

ഇതിനിടെയാണ് തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് സമീപം ഫാ. ജോൺ ഗ്ബാകാന്റെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയൽ പോലും അസാധ്യമായവിധം വളരെ ക്രൂരമായി മർദ്ദിച്ചതിനു ശേഷമാണ് ഫാ. ഗ്ബാകാനെ ആയുധധാരികൾ കൊലപ്പെടുത്തിയത്. വൈദികന്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട കാര്‍ മൃതദേഹം കിടന്നതിന് സമീപത്തു നിന്ന്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം സഹോദരനെ പറ്റി ഇതുവരെ യാതൊരു വിവരവും ഇല്ല. വൈദികന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥ ഓരോദിവസവും വഷളാകുന്നുവെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ എന്ന സംഘടന പ്രസ്താവിച്ചു. ശക്തമായ അന്വേഷണം വിഷയത്തില്‍ വേണമെന്നും സംഘടനയുടെ വൈസ് ചെയർമാൻ ഫാ. ജോൺ ഹയാബ് പറഞ്ഞു.

വടക്കൻ നൈജീരിയയിലെ കത്തോലിക്കരുടെ അരക്ഷിതാവസ്ഥ കൂടുതൽ ഭയാനകമായ അവസ്ഥയിലേക്ക് പോകുകയാണ്. വടക്കൻ നൈജീരിയയിൽ ധാരാളം ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. വൈദികരുടെ ജീവിതം വലിയ അപകടത്തിലാണ്. കൊള്ളക്കാരോ തട്ടിക്കൊണ്ടുപോകുന്നവരോ ഇരയായത് ഒരു വൈദികന്‍ ആണെന്ന് മനസ്സിലാക്കുമ്പോൾ കൂടുതൽ അക്രമാസക്തരാകുകയും, കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ അവരെ ക്രൂരമായൈ വധിക്കുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളോടുള്ള ഈ ക്രൂരത തടയാൻ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »