News - 2025

“കോവിഡിനിടെ പാവപ്പെട്ട സിറിയന്‍ ക്രൈസ്തവരെ മറക്കരുതേ”: സിറിയയില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീയുടെ അഭ്യര്‍ത്ഥന

പ്രവാചക ശബ്ദം 30-01-2021 - Saturday

ഡമാസ്ക്കസ്: ഒരു ദശകത്തോളം നീണ്ടുനിന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ ദുരിതങ്ങളില്‍ നിന്നും ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനായി കഷ്ടപ്പെടുന്ന സിറിയന്‍ ജനതയെ കൊറോണ പകര്‍ച്ചവ്യാധിക്കിടയില്‍ മറക്കരുതെന്ന് സിറിയന്‍ ക്രൈസ്തവര്‍ക്കായി സ്വജീവന്‍ പോലും പണയംവെച്ച് അടിയന്തിര സഹായമെത്തിക്കുന്ന കത്തോലിക്ക കന്യാസ്ത്രീ സിസ്റ്റര്‍ ആനി ഡെമര്‍ജിയാന്റെ ഓര്‍മ്മപ്പെടുത്തല്‍. പകര്‍ച്ചവ്യാധി സിറിയയുടെ തിരിച്ചുവരവിനെ തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും, സിറിയന്‍ ക്രൈസ്തവര്‍ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ തുടങ്ങിയപ്പോഴാണ് കൊറോണ പകര്‍ച്ചവ്യാധിയുടെ വരവെന്നും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) നോട് സിസ്റ്റര്‍ ആനി വെളിപ്പെടുത്തി.

ഗുരുതരമായ ശസ്ത്രക്രിയ നടത്തിയ ഒരാളെപ്പോലെയാണ് സിറിയ ഇപ്പോള്‍. ഇതിന് സൗഖ്യവും, രോഗവിമുക്തിയും ആവശ്യമാണെങ്കിലും സുഖം പ്രാപിക്കുവാനുള്ള സമയം കിട്ടിയില്ല. ലോകം സിറിയയെ മറക്കുവാന്‍ തുടങ്ങിയിരിക്കുന്നു. അത് വേദനാജനകമാണ്. ആഭ്യന്തര യുദ്ധവും, കൊറോണ പകര്‍ച്ചവ്യാധിയും, സിറിയന്‍ ഗവണ്‍മെന്റിനെതിരായ പുതിയ സാമ്പത്തിക ഉപരോധങ്ങളും നിരവധി പേരെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സാമ്പത്തിക ഉപരോധങ്ങള്‍ കാരണമുണ്ടായ വൈദ്യതിയുടേയും, പാചക വാതകത്തിന്റേയും ദൗര്‍ലഭ്യം ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും സിസ്റ്റര്‍ ആനി ചൂണ്ടിക്കാട്ടി.

ഓരോ രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഒരു മണിക്കൂര്‍ മാത്രമാണ് സിറിയന്‍ ജനതക്ക് വൈദ്യതി ലഭിക്കുന്നത്. തങ്ങള്‍ക്ക് വിശക്കുന്നെന്നും, ഭക്ഷിക്കുവാന്‍ ഒന്നുമില്ലെന്നും പറഞ്ഞുകൊണ്ടു നിരവധി ടെലിഫോണ്‍ വിളികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സിറിയയിലെ എ.സി.എന്‍ പദ്ധതികളുടെ മുന്‍നിര പങ്കാളിയാണ് സിസ്റ്റര്‍ ആനി. എ.സി.എന്നിന്റെ സഹായത്തോടെ 26,000 കുട്ടികള്‍ക്ക് കൊടും തണുപ്പില്‍ നിന്നും രക്ഷനേടുവാന്‍ സഹായിക്കുന്ന ശൈത്യകാല കമ്പിളിക്കുപ്പായം നല്‍കുവാന്‍ സിസ്റ്റര്‍ ആനി ഇടപെടല്‍ നടത്തിയിരിന്നു.

തങ്ങളുടെ കമ്പിളിക്കുപ്പായ വിതരണം നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുവാന്‍ കാരണമായെന്നാണ് അവര്‍ പറയുന്നത്. നാല്‍പ്പതോളം കടകളും, സ്ഥാപനങ്ങളുമാണ് തങ്ങള്‍ക്ക് കമ്പിളിക്കുപ്പായം നിര്‍മ്മിച്ചു നല്‍കുന്നതില്‍ മുഴുകിയിരിക്കുന്നത്. ഇതുവഴി തങ്ങള്‍ സാമ്പത്തിക മേഖലയെ സഹായിക്കുക കൂടിയാണ് ചെയ്യുന്നതെന്നും സിസ്റ്റര്‍ ആനി കൂട്ടിച്ചേര്‍ത്തു. എ.സി.എന്നിന്റെ സഹായത്തോടെ ആലപ്പോയിലേയും, ഡാമാസ്കസിന്റെ കുറച്ച് ഭാഗത്തുമുള്ള ഇരുന്നൂറ്റിഎഴുപതോളം വൃദ്ധ ദമ്പതി കുടുംബങ്ങള്‍ക്ക് നിത്യചിലവിനുള്ള സഹായവും, 84 കുടുംബങ്ങളുടെ വാടകയും സിസ്റ്റര്‍ ആനി നല്കുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 621