News - 2025

ഭൂകമ്പത്തിനിരയായ ക്രൊയേഷ്യന്‍ ജനതക്ക് പാപ്പയുടെ കൈത്താങ്ങ്‌ : 1,21,000 ഡോളറിന്റെ ധനസഹായം

പ്രവാചക ശബ്ദം 28-01-2021 - Thursday

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ മാസം ബാള്‍ക്കന്‍ മേഖലയിലെ ക്രൊയേഷ്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിനിരയായവര്‍ക്ക് സഹായഹസ്തവുമായി ഫ്രാന്‍സിസ് പാപ്പ. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിനിരയായവരുടെ ദുരിതാശ്വാസത്തിനായി 1,21,000 ഡോളര്‍ ഫ്രാന്‍സിസ് പാപ്പ കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ് വഴി ക്രൊയേഷ്യക്ക് കൈമാറി. ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ ബനിജായിലെ കുടുംബങ്ങളുടെ സഹായത്തിനായിരിക്കും ഈ തുക വിനിയോഗിക്കുക. ഭൂകമ്പത്തിനിരയായവര്‍ക്ക് ക്രൊയേഷ്യന്‍ മെത്രാന്‍ സമിതി 10 ലക്ഷം ഡോളറിന്റെ അടിയന്തിര ധനസഹായം നേരത്തെ നല്‍കിയിരുന്നു.

ദുരന്തത്തെ തുടര്‍ന്നു കിടപ്പാടം നഷ്ടമായവരോട് പ്രാര്‍ത്ഥന വഴി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനും, അവര്‍ക്ക് കയറിക്കിടക്കുവാന്‍ സുരക്ഷിതമായ സ്ഥലമുണ്ടാക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്തതിനും കാരിത്താസ് ക്രൊയേഷ്യയുടെ പ്രസിഡന്റും വാരാസ്ഡിന്‍ മെത്രാനുമായ ബോസ് റാഡോസ് മാര്‍പാപ്പയ്ക്കു നന്ദി പറഞ്ഞു. നിരവധി സന്നദ്ധ പ്രവര്‍ത്തകരുടെയും പൗരന്‍മാരുടെയും, സ്ഥാപനങ്ങളുടെയും സജീവ സേവനത്തിന് തങ്ങള്‍ ദിവസവും സാക്ഷ്യം വഹിക്കുന്നുണ്ടെന്നും, തക്ക സമയത്ത് ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ പരിശുദ്ധ പിതാവ് തീരുമാനിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും കാരിത്താസ് ക്രൊയേഷ്യയുടെ ഡയറക്ടറായ മോണ്‍. ഫാ. ബിജാന്‍ സ്വാലിന പ്രതികരിച്ചു.

അടിയന്തര ധനസഹായത്തിന് പുറമേ, കാരിത്താസ് ക്രൊയേഷ്യയുടേയും, ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടേയും പങ്കാളിത്തത്തോടെ ക്രൊയേഷ്യന്‍ മെത്രാന്‍ സമിതി ഭവനരഹിതരായവര്‍ക്ക് താല്‍ക്കാലിക വീടുകളും നിര്‍മ്മിച്ചു നല്‍കി വരികയാണ്. ഇക്കഴിഞ്ഞ ജനുവരി 19ന് ചേര്‍ന്ന ക്രൊയേഷ്യന്‍ മെത്രാന്‍ സമിതിയുടെ സമ്പൂര്‍ണ്ണ യോഗത്തില്‍ കൊറോണ പകര്‍ച്ചവ്യാധിക്കും, ഭൂകമ്പത്തിനും ഇരയായവരെ പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിച്ചുകൊണ്ട് മെത്രാന്മാര്‍ പ്രാര്‍ത്ഥിച്ചിരിന്നു. ഡിസംബറിലുണ്ടായ ഭൂകമ്പത്തിലും, അതിന്റെ മുന്‍പും പിന്‍പും ഉണ്ടായ പ്രകമ്പനങ്ങളിലും ഏറ്റവും ചുരുങ്ങിയത് 7 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ക്രൊയേഷ്യയിലെ 40 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 86% കത്തോലിക്കരാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »