News - 2025
ഫാ. സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം: ആവശ്യമുന്നയിച്ച് ബ്രിട്ടീഷ് മെത്രാൻ സമിതിയും
പ്രവാചക ശബ്ദം 28-01-2021 - Thursday
ലണ്ടന്‍: ഭീമ കൊറോഗാവ് കേസില്‍ ബന്ധം ആരോപിച്ച് മൂന്നു മാസമായി തടങ്കലിൽ കഴിയുന്ന കത്തോലിക്ക വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടു ബ്രിട്ടീഷ് മെത്രാൻ സമിതി. റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ വിൻസെന്റ് നിക്കോളാസ് ഇംഗ്ലണ്ടിലെ ഈശോ സഭയുടെ പ്രോവിന്‍ഷ്യൽ ഫാ. ഡാമിയൻ ഹൊവാർഡിനൊപ്പം പ്രസ്തുത ആവശ്യമുന്നയിച്ചത്. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളുടെ ഭരണഘടനാനുസൃതമായ അവകാശങ്ങൾ നേടുന്നതിനു വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണ് ഫാ. സ്റ്റാനെന്നും അദ്ദേഹത്തെ പോലെ മറ്റനേകം ഈശോസഭാ വൈദികരും ഇതേ കാര്യങ്ങൾക്കായി സ്വജീവിതം സമർപ്പിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
വൈദികന്റെ അറസ്റ്റ് ഏകപക്ഷീയമാണെന്നും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളെ നിയമവിരുദ്ധമാക്കാൻ രാഷ്ട്രം ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഐക്യരാഷ്ട്ര സംഘടന നിരീക്ഷിച്ച കാര്യം കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 8നാണ് റാഞ്ചിയിലുള്ള വസതിയിൽ നിന്നും എൻഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2017 ഡിസംബർ 17ന് മഹാരാഷ്ട്രയിലെഭീമ കൊറോഗാവില്‍ നടന്ന അക്രമങ്ങൾ ആസൂത്രണം ചെയ്തു എന്ന വസ്തുതവിരുദ്ധമായ ആരോപണം ഉന്നയിച്ചായിരുന്നു അറസ്റ്റ്.
മാവോയിസ്റ്റുകളോട് ചേർന്ന് അദ്ദേഹം രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും പോലീസ് വാദിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ ജാർഖണ്ഡിലെ ആദിവാസികൾക്കും ദരിദ്രർക്കും വേണ്ടി പ്രവർത്തിച്ച ഫാ. സ്റ്റാന്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞ് എൻ ഐ എ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരവധി തവണ തള്ളിക്കളയുകയാണ് ചെയ്തത്.
ദേശീയ കത്തോലിക്ക മെത്രാൻ സമിതി, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ്, ഇന്ത്യൻ ജെസ്യൂട്ട്സ് തുടങ്ങി ഇന്ത്യയിലും പുറത്തുമുള്ള അനേകം സഭാസംഘടനകളും മനുഷ്യാവകാശ സംഘടനകളും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് കർദ്ദിനാൾമാർ ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അദ്ദേഹത്തെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ ഇടപെടാൻ ഗവൺമെന്റിന് കഴിയില്ലെന്നായിരിന്നു മോദിയുടെ പ്രതികരണം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക