News - 2025

വ്യാജ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട പാക്ക് ക്രിസ്ത്യന്‍ വനിതയ്ക്കു മോചനം: ജീവരക്ഷാര്‍ത്ഥം ഒളിവില്‍

പ്രവാചക ശബ്ദം 31-01-2021 - Sunday

കറാച്ചി: വ്യാജ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ മുപ്പതുകാരിയായ പാക്ക് ക്രിസ്ത്യന്‍ വനിതയ്ക്കു മോചനം. കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സും ക്രൈസ്തവ വിശ്വാസിയുമായ തബിത നസീര്‍ ഗില്‍ കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് വെറുതേവിട്ടത്. തബിത മതനിന്ദ നടത്തിയെന്നതിന് യാതൊരു തെളിവും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്ന് കേസില്‍ ഇടപെട്ട നസീര്‍ റാസ എന്ന ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കറാച്ചിയിലെ സോഭ്രാജ് മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ തബിതക്കൊപ്പം നേഴ്സായി ജോലി ചെയ്തുകൊണ്ടിരുന്ന സഹപ്രവര്‍ത്തകയായ മുസ്ലീം സ്ത്രീയാണ് വ്യാജ ആരോപണം ഉന്നയിച്ചത്.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, താനൊരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും, താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇസ്ലാം മതസ്ഥര്‍ തന്നെ കുറ്റപ്പെടുത്തുകയാണെന്നും തബിതയാണ് തന്റെ ക്രൈസ്തവ സഹോദരങ്ങളെ അറിയിച്ചത്. പിന്നീടാണ് അവളുടെ മേല്‍ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട വിവരം തങ്ങള്‍ അറിയുന്നതെന്നു സിന്ധ് പ്രവിശ്യയിലെ നാഷണല്‍ കമ്മിറ്റി ഫോര്‍ പീസ്‌ ആന്‍ഡ്‌ ഇന്റര്‍ റിലീജിയസ് ഹാര്‍മണി’ പ്രസിഡന്റ് കൂടിയായ നസീര്‍ റാസ പറഞ്ഞു. രാവിലെ മുതല്‍ മര്‍ദ്ദിച്ച ശേഷം തബിതയെ ഒരു മുറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും, വിവരമറിഞ്ഞയുടന്‍ തങ്ങള്‍ പോലീസും, സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് എത്തി തബിതയെ കസ്റ്റഡിയിലെടുത്തതെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് പോലീസ് അന്വേഷണത്തില്‍ കുറ്റക്കാരിയല്ലെന്നു കണ്ടെത്തുകയായിരുന്നു. സ്വന്തം സുരക്ഷയെ കരുതി അജ്ഞാത വാസത്തിലാണ് തബിതയിപ്പോള്‍. തബിതക്കെതിരെ സഹപ്രവര്‍ത്തക ഉന്നയിച്ച ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും അവളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്നു ‘സെന്റര്‍ ഫോര്‍ ലീഗല്‍ എയിഡ് അസിസ്റ്റന്‍സ് & സെറ്റില്‍മെന്റ്’ന്റെ ഡയറക്ടറായ നസീര്‍ സയീദ്‌ പറഞ്ഞു. മതനിന്ദാനിയമം വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് തങ്ങളുടെ പഠനത്തില്‍ കണ്ടെത്തിയതായും നസീര്‍ സയീദ്‌ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മാത്രം 9 ക്രൈസ്തവര്‍ക്കെതിരെയാണ് മതനിന്ദ ആരോപിക്കപ്പെട്ടത്. നിഷ്കളങ്കരായ മൂന്ന്‍ ജീവനുകള്‍ മതനിന്ദയുടെ പേരില്‍ കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »