Life In Christ - 2025
ഐസൊലേഷനിലായ സന്യാസിനികൾക്കായി പൂന്തോട്ടത്തില്‍ വിശുദ്ധ കുർബാന അർപ്പിച്ച് വൈദികർ
പ്രവാചക ശബ്ദം 21-01-2021 - Thursday
കാലിഫോര്‍ണിയ: കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന സന്യാസിനികൾക്കു വേണ്ടി അവരുടെ താമസ സ്ഥലത്തിന് പുറത്തെത്തി വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികരുടെ സമര്‍പ്പണ മനോഭാവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമേരിക്കയിലുള്ള സിസ്റ്റേഴ്സ് ഓഫ് ലൈഫ് സന്യാസിനി സമൂഹത്തിലെ ഏതാനും അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന എല്ലാ സന്യാസിനികൾക്കും ഐസൊലേഷനിൽ പോകേണ്ടിവന്ന പശ്ചാത്തലത്തിലാണ് സന്യാസിനികളുടെ റൂമിലെ ജനാലയ്ക്ക് പുറത്ത് പൂന്തോട്ടത്തില്‍ വിശുദ്ധ കുർബാന കാണാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കി ഫ്രാൻസിസ്കൻ ഫ്രയേർസ് ഓഫ് ദി റിന്യൂവൽ സന്യാസസമൂഹം രംഗത്തുവന്നത്.
മഠത്തിനുളളിലെ പൂന്തോട്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊള്ളട്ടെയെന്ന് അനുവാദം ചോദിച്ചിട്ടാണ് അവർ ഇവിടേക്ക് എത്തിയത്. രണ്ടാഴ്ചയോളം ഫ്രാൻസിസ്കൻ വൈദികർ ഇത്തരത്തില്‍ വിശുദ്ധ കുർബാന അർപ്പിച്ചു. ക്രിസ്തുവിന്റെ മണവാട്ടിമാർക്ക് യേശുവിനെ വേണ്ടപ്പോൾ, തങ്ങളെ കൊണ്ട് കഴിയുന്ന വിധത്തിൽ യേശുവിനെ അവർക്ക് നൽകാൻ ശ്രമിക്കുമെന്ന് ഫ്രാൻസിസ്കൻ ഫ്രയേർസ് കുർബാന അർപ്പിക്കാൻ എടുത്ത ധീരമായ തീരുമാനത്തെ പറ്റി ഫേസ്ബുക്കിൽ കുറിച്ചു. കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം നിരവധി കത്തോലിക്കാ വൈദികരും, സന്യസ്തരും മരണമടഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒന്നര ദിവസത്തിനിടയിൽ ഒരു വൈദികൻ വീതം ഇറ്റലിയിൽ വൈറസ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്ന് കത്തോലിക്കാ മാധ്യമമായ 'അലീഷിയ' അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സന്യാസിനി മഠത്തിലെ 114 പേരിൽ 104 പേർക്കും കോവിഡ് ബാധിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കത്തോലിക്കാ വൈദികരും, സന്യസ്തരും ശുശ്രൂഷ മേഖലകളില്‍ സജീവമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക