News - 2024

ഗര്‍ഭഛിദ്രത്തിന് സഹായം വേണ്ട, വേണ്ടത് ഭക്ഷണവും വെള്ളവും: ബൈഡനോട് ആഫ്രിക്കന്‍ സംഘടന

പ്രവാചക ശബ്ദം 09-02-2021 - Tuesday

അബൂജ: ആഫ്രിക്കയ്ക്ക് ഗര്‍ഭഛിദ്രം ആവശ്യമില്ലായെന്നും അവിടെ ആവശ്യമുള്ളത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും വെള്ളവും ഭക്ഷണവുമാണെന്നും യു‌എസ് പ്രസിഡന്‍റ് ജോ ബൈഡനോട് 'കള്‍ച്ചര്‍ ഓഫ് ലൈഫ് ആഫ്രിക്ക'' എന്ന സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് അമേരിക്കയുടെ ധനസഹായം ആവശ്യമില്ലെന്ന് കള്‍ച്ചര്‍ ഓഫ് ലൈഫിന്റെ സ്ഥാപക ഒബിയാനുയു എക്കെയോച്ച വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരിന്നു. 2017ല്‍ ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ 'മെക്‌സിക്കോ സിറ്റി' നിയമപ്രകാരം ഗര്‍ഭഛിദ്ര ആവശ്യങ്ങള്‍ക്ക് അമേരിക്കന്‍ പൊതുഖജനാവില്‍നിന്നു പണം മുടക്കുന്നതു നിരോധിച്ചിരുന്നു. പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റ ഉടന്‍ ഈ നിയമം പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

ഉത്ഭവം മുതല്‍ അന്ത്യം വരെ ജീവന്‍ പരിപോഷിപ്പിക്കുന്നതാണ് ആഫ്രിക്കന്‍ മൂല്യവ്യവസ്ഥ. ജീവനും കുടുംബത്തിനും വിശ്വാസത്തിനും വിരുദ്ധമായ ഗര്‍ഭഛിദ്രം ആഫ്രിക്ക അനുകൂലിക്കുന്നില്ല. ഗര്‍ഭഛിദ്രമല്ല ആഫ്രിക്കയ്ക്ക് ആവശ്യമുള്ളത്. അവിടെ ആവശ്യമുള്ളത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും വെള്ളവും ഭക്ഷണവുമാണ്. അവ കിട്ടിയാല്‍ ജീവിതനിലവാരം മെച്ചപ്പെടും. വികസന സഹായം എന്ന പേരില്‍ ആഫ്രിക്കന്‍ സംസ്‌കാരത്തെ തകര്‍ക്കാനാണ് പല പാശ്ചാത്യ നേതാക്കളും ശ്രമിക്കുന്നതെന്നും സംഘടന തുറന്നടിച്ചു.

ഗര്‍ഭഛിദ്രം 'നീചമായ കുറ്റകൃത്യമാണെന്നും അതു മനുഷ്യത്വത്തിനെതിരായ തിന്മയാണെന്നും സ്വദേശത്തും വിദേശത്തും ഗര്‍ഭഛിദ്രം സാര്‍വത്രികമാക്കാനുള്ള തീരുമാനം പ്രസിഡന്‍റ് ബൈഡന്‍ ആദ്യം തന്നെ എടുത്തത് വിചിത്രമാണെന്നും നൈജീരിയയിലെ അബൂജ ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ പറഞ്ഞു. ഏറ്റവും ദുര്‍ബലമായ മനുഷ്യവ്യക്തികളായ, ഇനിയും ജനിക്കാത്ത ശിശുക്കള്‍ക്കുവേണ്ടിയാണ് ബൈഡന്റെ ഭരണകൂടം ഇടപെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തില്‍ കയറിയ ഉടനെ തന്നെ ബൈഡന്‍ ഭരണകൂടം ഗര്‍ഭഛിദ്ര അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നത് ആഗോള തലത്തിലുള്ള പ്രോലൈഫ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »