Life In Christ - 2025
ദിവ്യകാരുണ്യവുമായുള്ള വിശ്വാസികളുടെ ബന്ധം ഊട്ടിയുറപ്പിക്കുവാന്‍ ശ്രദ്ധേയ ഇടപെടലുമായി വൈദികന്‍
പ്രവാചക ശബ്ദം 12-02-2021 - Friday
വാന്‍കൂവര്‍, കാനഡ: ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം ഇടവക ജനങ്ങളെ ബോധ്യപ്പെടുത്തുവാനും, ദിവ്യകാരുണ്യവുമായുള്ള വിശ്വാസികളുടെ വ്യക്തിപരമായ ബന്ധം ശക്തിപ്പെടുത്തുവാനും വൈദികന്‍ നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാകുന്നു. കാനഡയില്‍ സേവനം ചെയ്യുന്ന ഫാ. സ്റ്റെനി മസ്കാരെന്‍ഹാസ് ഒ.സി.ഡി എന്ന വൈദികന്റെ നേതൃത്വത്തില്‍ വടക്കന്‍ വാന്‍കൂവറിലെ കത്തോലിക്ക ദേവാലയം നടത്തുന്ന ശ്രമങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഇതിന്റെ ഭാഗമായി, ലോകമെമ്പാടുമായി നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് തിരുസഭയുടെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസ് തയ്യാറാക്കിയ വിര്‍ച്വല്‍ ലൈബ്രറിയിലെ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള നൂറിലധികം ഗ്ലോസി പോസ്റ്ററുകളാണ് സെന്റ് എഡ്മണ്ട്സ് ദേവാലയത്തിലെ ഇരിപ്പിടങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്. സഭ അംഗീകരിച്ചിട്ടുള്ള 98 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്.
കൊറോണ വൈറസുമായി പൊരുതി ജീവിക്കുന്ന ഈ സാഹചര്യത്തില്‍, സാമ്പത്തിക ഞെരുക്കങ്ങളും മറ്റ് കഷ്ടതകളും ഉണ്ടെങ്കിലും പ്രത്യാശ കൈവിടാതെ യേശുവില്‍ വിശ്വസിക്കുകയും, യേശുവിനോട് ചേര്‍ന്ന് നില്‍ക്കേണ്ടതുണ്ടെന്നു ഫാ. മസ്കാരെന്‍ഹാസ് പറഞ്ഞു. ചരിത്രത്തിലുടനീളം ഇത്തരത്തിലുള്ള കഷ്ടതകളും മഹാമാരികളും സഭ നേരിട്ടിട്ടുണ്ടെങ്കിലും സഭാമക്കളുടെ വിശ്വാസം നിലനിന്നുവെന്നും അതുകൊണ്ടാണ് ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം വിശ്വാസികളെ ബോധ്യപ്പെടുത്തി ഇടവക ജനങ്ങള്‍ക്ക് പ്രത്യാശയും, പ്രചോദനവും നല്‍കുവാനും ദിവ്യകാരുണ്യത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും ഈ ശ്രമങ്ങള്‍ നടത്തുന്നതെന്നും ഫാ. മസ്കാരെന്‍ഹാസ് കൂട്ടിച്ചേര്‍ത്തു.
തിരുവോസ്തിയില്‍ നിന്നും രക്തം ഒഴുകിയത്; തിരുവോസ്തിക്ക് തീപിടിക്കാതിരുന്നത്; തിരുവോസ്തിയിലെ യേശുവിന്റെ സജീവ സാന്നിധ്യത്തെ വെളിപ്പെടുത്തുന്ന മറ്റ് അത്ഭുതങ്ങള്‍ എന്നിവയാണ് സെന്റ് എഡ്മണ്ട്സ് ദേവാലയം പോസ്റ്ററുകളിലൂടെ വിശ്വാസികളെ പരിചയപ്പെടുത്തുന്നത്. പകര്‍ച്ചവ്യാധി കാരണം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം സര്‍ക്കാര്‍ 10 ആയി ചുരുക്കിയപ്പോഴും സ്വകാര്യ പ്രാര്‍ത്ഥനക്കായി ദേവാലയത്തില്‍ വരുവാനും, ദിവ്യകാരുണ്യത്തെക്കുറിച്ച് ധ്യാനിക്കുവാനും ഫാ. മസ്കാരെന്‍ഹാസ് വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
തത്സമയ സംപ്രേഷണത്തിലൂടെ വിശുദ്ധ കുര്‍ബാന കാണുന്നവരില്‍ നിന്നും പരിമിതപ്പെടുത്തിയ വിശ്വാസികള്‍ക്ക് പൂര്‍ണ്ണമായും കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ദേവാലയത്തില്‍വെച്ച് ദിവ്യകാരുണ്യവും ഫാ. മസ്കാരെന്‍ഹാസ് നല്‍കുന്നുണ്ട്. ഓണ്‍ലൈനിലൂടെ വിശുദ്ധ കുര്‍ബാന കണ്ടാല്‍ മാത്രം പോര ദിവ്യകാരുണ്യ സ്വീകരണം കൂടി വേണമെന്നു അദ്ദേഹം പറയുന്നു. ഫാ. മസ്കാരെന്‍ഹാസിന്റേയും, സെന്റ് എഡ്മണ്ട്സ് ദേവാലയത്തിന്റേയും ഈ നടപടികള്‍ക്കു മികച്ച പ്രതികരണമാണ് വിശ്വാസികളില്‍ നിന്ന്‍ ലഭിക്കുന്നത്.