News - 2025
പരിവര്‍ത്തിത ക്രൈസ്തവ ദളിത് വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ അവകാശപ്പെടാനാകില്ല: കേന്ദ്ര സര്‍ക്കാര്‍
ദീപിക 13-02-2021 - Saturday
ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലേക്ക് മതപരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഉള്‍പ്പെടെ സംവരണം ലഭിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലേക്കു പരിവര്‍ത്തനം ചെയ്തവര്‍ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ സംവരണ സീറ്റുകളില്‍ നിന്നു മത്സരിക്കാനാകില്ല. മറ്റ് സംവരണാനുകൂല്യങ്ങളും അവകാശപ്പെടാനാകില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി.
എന്നാല്‍, ഹിന്ദു, സിക്ക്, ബുദ്ധ മതങ്ങളിലേക്കു മാറിയ പട്ടികജാതി വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും മറ്റു സംവരണ ആനൂകൂല്യങ്ങള്‍ക്കുമുള്ള അവകാശം ഉണ്ടായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഇക്കാര്യം ഭരണഘടനയില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലേക്കു മതപരിവര്‍ത്തനം ചെയ്ത പട്ടികജാതി വിഭാഗങ്ങള്‍ക്കു പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധ്യമാകുംവിധം ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ബിജെപി എംപി ജി.വി.എല്‍. നരസിംഹ റാവുവിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.