News

ആഫ്രിക്ക ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ ആസ്ഥാനമാകുന്നു? ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയില്‍

പ്രവാചക ശബ്ദം 17-02-2021 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി/ അബൂജ: ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖിലും, സിറിയയിലും നടത്തിയ അധിനിവേശങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ ആസ്ഥാനമാക്കി ആഫ്രിക്കയെ മാറ്റുന്നതായി അന്താരാഷ്ട്ര നിരീക്ഷകര്‍. സമീപ വര്‍ഷങ്ങളിലായി ആഫ്രിക്കയിലെ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണങ്ങളും ക്രൈസ്തവ കൂട്ടക്കൊലകളും ഇതിലേക്ക് വിരല്‍ചൂണ്ടുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്ക ഐസിസിന്റേയും മറ്റ് ഇസ്ലാമിക തീവ്രവാദി സംഘടനകളുടേയും ആകര്‍ഷണ കേന്ദ്രം മാറിക്കൊണ്ടിരിക്കുകയാണെന്നു ആഗോളതലത്തിലുള്ള തീവ്രവാദി ആക്രമണങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഓസ്ട്രേലിയ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ്‌’എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ സ്റ്റീവ് കില്ലേലീ പറഞ്ഞു.

തീവ്രവാദം മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്ന പത്തു രാഷ്ട്രങ്ങള്‍ എടുത്താല്‍ അതില്‍ ഏഴു രാഷ്ട്രങ്ങളും സബ്-സഹാരന്‍ മേഖലയിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ തീവ്രവാദി ആക്രമണങ്ങള്‍ മൂലമുള്ള മരണനിരക്ക് കുറഞ്ഞുവെങ്കിലും ആഫ്രിക്കയില്‍ അത് കൂടിക്കൊണ്ടിരിക്കുകയാണെന്നും, മധ്യപൂര്‍വ്വേഷ്യയിലും, ഉത്തര ആഫ്രിക്കയിലും കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ സബ്-സഹാരന്‍ മേഖലയില്‍ കൊല്ലപ്പെടുന്നുണ്ടെന്നും സി.ബി.എന്‍ ന്യൂസിനോട് കില്ലേലി വെളിപ്പെടുത്തി. ബുര്‍ക്കിനാ ഫാസോ, മൊസാംബിക്ക്, കോംഗോ, മാലി, നൈജര്‍, കാമറൂണ്‍, എത്യോപ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ സമീപ വര്‍ഷങ്ങളില്‍ തീവ്രവാദി ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

അടുത്തകാലത്ത് 14 രാഷ്ട്രങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തുശതമാനവും തീവ്രവാദ സംഘടനകളില്‍ റിക്രൂട്ട് ചെയ്യുവാനായി ജിഹാദി സംഘടനകള്‍ തങ്ങളെ സമീപിച്ചുവെന്ന് വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഏറ്റവും അപകടകാരികളായ അനുകൂല സംഘടനകള്‍ തമ്പടിച്ചിരിക്കുന്നത് നൈജീരിയയിലാണെന്ന്‍ ജെയിംസ് ടൌണ്‍ ഫൗണ്ടേഷന്റെ ആഫ്രിക്ക അനലിസ്റ്റായ ജേക്കബ് സെന്നും പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ്‌ പുറത്തുവിട്ട ആഗോള തീവ്രവാദ സൂചിക പ്രകാരം 2011-മുതല്‍ ഏതാണ്ട് 57,000-ത്തോളം കൊലപാതകങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ബൊക്കോഹറാം നടത്തിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക (ഐ‌എസ്ഡബ്ല്യു‌എച്ച്) എന്ന അപരനാമത്തിലാണ് ബൊക്കോഹറാം അറിയപ്പെടുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ക്രൈസ്തവരെ നിഷ്ഠൂരമായി കൊന്നൊടുക്കുന്ന നിരവധി വീഡിയോകള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പുറത്തുവിട്ടിരിന്നു.

നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുകയാണ് ബൊക്കോഹറാം തലവനായ അബൂബേക്കര്‍ ഷെക്കാവുവിന്റെ ലക്ഷ്യമെന്നും ക്രിസ്ത്യാനികളുടെ വംശഹത്യയാണ് നൈജീരിയയില്‍ നടക്കുന്നതെന്നും ‘ദി നെക്സ്റ്റ് ജിഹാദ്’ എന്ന പുസ്തകത്തിന്റെ സഹരചയിതാവായ ജോണി മൂറും വെളിപ്പെടുത്തിയിട്ടുണ്ട്. സമീപ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികള്‍ വടക്ക് കിഴക്കന്‍ മൊസാംബിക്കില്‍ 50 പേരെ ശിരച്ഛേദം ചെയ്തതും, നവംബര്‍ 29ന് ബൊക്കോഹറാം 110 നൈജീരിയന്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തതും ആഫ്രിക്കയെ ഐസിസ് തങ്ങളുടെ തട്ടകമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്ന നിരീക്ഷണം സ്ഥിരീകരിക്കുകയാണ്. ലോകത്ത് ക്രൈസ്തവ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക. ഇതിനിടെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തില്‍ കടുത്ത ആശങ്കയിലാണ് ക്രൈസ്തവ സമൂഹം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »