News - 2024

2021ലെ വിശുദ്ധവാര തിരുകർമ്മങ്ങൾ: വത്തിക്കാനിലെ ആരാധന തിരുസംഘം ഡിക്രി പുറത്തിറക്കി

പ്രവാചക ശബ്ദം 18-02-2021 - Thursday

റോം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വത്തിക്കാനിലെ ആരാധന തിരുസംഘം 2021ലെ വിശുദ്ധവാരത്തോട് അനുബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കഴിഞ്ഞ വർഷം കൊറോണ സാഹചര്യത്തിൽ മാർച്ച് മാസത്തിൽ നൽകിയ പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അതത് രാജ്യത്തിൻ്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മെത്രാൻ സമിതിയും, പ്രാദേശിക മെത്രാന്മാരും തിരുമാനം എടുക്കാനും പുതിയ രേഖയിൽ നിർദ്ദേശിക്കുന്നുണ്ട്. തിരുകർമങ്ങൾ സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങളുടെ സഹായം വേണ്ടത് പോലെ ഉപയോഗിക്കാനും അത് രൂപതാ തലത്തിൽ കാര്യക്ഷമമാക്കാനും ആരാധന തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ ആഹ്വാനം ചെയ്തു. പ്രത്യേകമായ ഈ സാഹചര്യത്തിൽ കുടുംബ പ്രാർത്ഥനകളും, സന്ധ്യാ നമസ്കാരങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

ഓശാന തിരുനാളിനോട് അനുബന്ധിച്ച് കർത്താവിൻ്റെ ജറുസലേം പ്രവേശനം അനുസ്മരിക്കുന്ന പ്രാർത്ഥനകൾ റോമൻ മിസ്സലിലെ കത്തീഡ്രൽ പള്ളികളിലും മറ്റും രണ്ടാമത്തെ ഭാഗവും, ഇടവക പള്ളികളിൽ മൂന്നാമത്തെ ഭാഗവും ഉപയോഗിക്കാം. മൂറോൻ കൂദാശക്ക് അതത് സ്ഥലത്തെ മെത്രാൻ സമിതി തീരുമാനമെടുക്കാം. പെസഹാ വ്യാഴാഴ്ച കഴിഞ്ഞ വർഷത്തെ പോലെ കാൽ കഴുകൽ ശുശ്രൂഷയും, വി. ബലിക്ക് ശേഷമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും ഐശ്ചികമാണെന്നും, ദിവ്യകാരുണ്യം മറ്റ് പീഠം അലങ്കരിക്കാതെ സക്രാരിയിൽ തന്നെ സൂക്ഷിക്കാമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.

ദുഃഖ വെള്ളിയാഴ്‌ച്ച വി. കുരിശ് ചുംബിക്കുന്നത് ഒഴിവാക്കണം. അന്നേ ദിവസം രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. ഉയിർപ്പ് തിരുനാളിൻ്റെ തിരുകർമ്മങ്ങൾ ദേവാലയങ്ങളിൽ നടത്തണമെന്നും നൽകിയിരിക്കുന്ന നിർദേശങ്ങൾ വിശ്വാസവും ഭക്തിയും വർദ്ധിപ്പിക്കാനും, അതേ സമയം പൊതു ജനത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാനും കൂടി ഉതകുന്നത് ആകണമെന്നും കർദ്ദിനാൾ സാറ ആഹ്വാനം ചെയ്തു.


Related Articles »