Arts - 2025
യേശുവിന്റെ കുരിശ് മരണത്തിനു ശേഷമുള്ള സംഭവകഥ പറയുന്ന 'റിസറക്ഷന്‍' മാര്‍ച്ച് 27ന് പ്രേക്ഷകരിലെത്തും
പ്രവാചക ശബ്ദം 19-02-2021 - Friday
വാഷിംഗ്ടണ്‍ ഡിസി: യേശു ക്രിസ്തുവിന്റെ കുരിശിലെ ജീവത്യാഗത്തിന് ശേഷമുള്ള സംഭവകഥ പറയുന്ന ‘റിസറക്ഷന്‍’ എന്ന സിനിമ വരുന്ന മാര്‍ച്ച് 27ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തും. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സേവനദാതാക്കളായ ‘ഡിസ്കവറി+’ ആണ് സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ‘ദി ബൈബിള്‍’ എന്ന ജനപ്രിയ പരമ്പരയുടെ നിര്‍മ്മാതാക്കളായ റോമാ ഡൌണിയുടേയും മാര്‍ക്ക് ബര്‍നെറ്റിന്റേയും ഉടമസ്ഥതയിലുള്ള ലൈറ്റ് വര്‍ക്കേഴ്സ് പ്രൊഡക്ഷനും ‘എം.ജി.എം’ ഉം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
റെക്കോര്‍ഡ് ഭേദിച്ച ‘ദി ബൈബിള്‍’ പരമ്പരയുടെ തുടര്‍ച്ചയായി ചിത്രീകരിച്ച സിനിമ, കര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ നിരാശരായി അലയുകയും, പിന്നീട് പ്രത്യാശയില്‍ ജീവിക്കുകയും ചെയ്ത യേശുവിന്റെ ശിഷ്യന്‍മാരേക്കുറിച്ചാണ് പറയുന്നത്. തങ്ങളുടെ വിശ്വാസത്തോടും, മൂല്യങ്ങളോടും സംവദിക്കുന്ന സിനിമകള്‍ക്കായി വിശ്വാസികള്‍ കൊതിക്കുകയാണെന്നും, സിനിമക്ക് ‘ഡിസ്കവറി+’നേക്കാള്‍ നല്ലൊരു തട്ടകത്തെക്കുറിച്ച് തങ്ങള്‍ക്ക് ചിന്തിക്കുവാന്‍ പോലും കഴിയുകയില്ലെന്നും ‘റോമ’യും, ഭര്‍ത്താവായ മാര്‍ക്കും ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്’നു നല്‍കിയ പ്രസ്താവനയില്‍ കുറിച്ചു. “എ.ഡി: ദി ബൈബിള്‍ കണ്ടിന്യൂസ്’ എന്ന പരമ്പരയിലെ ചില പ്രമുഖ താരങ്ങളും യേശുവിന്റെ ഉത്ഥാനത്തേക്കുറിച്ച് കൂടി പറയുന്ന റിസറക്ഷനില്‍ അഭിനയിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി മൂലമുണ്ടായ തടസ്സങ്ങള്‍ കാരണം എം.ജി.എമ്മിന്റേയും, ലൈറ്റ് വര്‍ക്കേഴ്സ് പ്രൊഡക്ഷന്റേയും ലൈബ്രറികളില്‍ നിന്നും എടുത്തിട്ടുള്ള ഫൂട്ടേജുകളാണ് ചില രംഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന്‍ എമ്മി നാമനിര്‍ദ്ദേശങ്ങള്‍ക്കര്‍ഹമായ ദി ബൈബിള്‍ എന്ന പരമ്പര 10 കോടി ജനങ്ങളാണ് കണ്ടത്. ദി ബൈബിള്‍ പരമ്പരയും അതിന്റെ തുടര്‍ച്ചയായ ‘എ.ഡി.: ദി ബൈബിള്‍ കണ്ടിന്യൂസ്’ എന്ന സിനിമയും നേടിയ വിജയം റിസറക്ഷനിലൂടെ ആവര്‍ത്തിക്കുവാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് മാര്‍ക്കും റോമയും.
![](/images/close.png)