News - 2024

മതനിന്ദാക്കുറ്റാരോപണം: രണ്ട് പാക്കിസ്ഥാനി ക്രൈസ്തവർ വധഭീഷണി നേരിടുന്നു

പ്രവാചക ശബ്ദം 19-02-2021 - Friday

ലാഹോര്‍: മതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നു പാക്കിസ്ഥാനിലെ രണ്ടു ക്രൈസ്തവർ വധഭീഷണി നേരിടുന്നു. ബൈബിൾ ഉദ്ധരണികളിലൂടെ പ്രവാചകനായ മുഹമ്മദിനെ അപകീർത്തിപ്പെടുത്തിയെന്നതാണ് ഹാരൂൺ അയൂബ് മസീഹ്, സലാമത്ത് മൻഷാ മസീഹ് എന്നീ ക്രൈസ്തവര്‍ക്ക് നേരെ ആരോപിക്കുന്നത്. ഫെബ്രുവരി 13ന് ലാഹോറിന്റെ പ്രാന്തപ്രദേശത്തുള്ള മോഡൽ ടൗൺ പാർക്കിൽവച്ച് ഇരുവരും ഇസ്ലാം മതനിന്ദ നടത്തിയെന്നാണ് ഹാരൂൺ അഹ്മദ് എന്ന വിദ്യാർത്ഥി ആരോപിച്ചത്. ഇയാളുടെ പരാതിയില്‍ സലാമത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൂബ് എന്ന ക്രൈസ്തവ വിശ്വാസി ഒളിവിലാണ്. ആക്രമണം ഭയന്ന് കുടുംബവും ഒളിവിൽ കഴിയുകയാണ്.

താൻ മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം ടൗൺ പാർക്കിൽ ഇരിക്കുമ്പോൾ ക്രൈസ്തവരായ ഹാരൂണും സലാമത്തും 'ജീവജലം' എന്ന പുസ്തകം നല്‍കി മതങ്ങളെ പറ്റി സംസാരിക്കാൻ താത്പര്യപ്പെട്ടുവെന്നും ചർച്ചയ്ക്കിടയിൽ മുഹമ്മദിനെയും ഇസ്ലാമിനേയും അവർ അപകീർത്തിപ്പെടുത്തി സംസാരിച്ചുവെന്നും ഈ സാഹചര്യത്തിലാണ് താൻ അവർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതെന്നും ഹാരൂൺ അഹ്മദ് പറഞ്ഞു. 295- A, 295- B, 295 - C എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇതിൽ ആദ്യത്തേത് മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയും, രണ്ടാമത്തേത് ഖുർആനെ നിന്ദിക്കുന്നതിനെതിരെയും മൂന്നാമത്തേത് മുഹമ്മദിനെ അപകീർത്തിപ്പെടുത്തുന്നതിനും എതിരെയാണ്.

വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അവസാനത്തേത്. പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ 1.6% മാത്രമാണ് ക്രൈസ്തവർ. മതനിന്ദാക്കുറ്റം മറയാക്കി ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കും നേരെ പോലീസ് തടങ്കലിലാക്കുന്നത് രാജ്യത്തു പതിവു സംഭവമായി മാറിയിരിക്കുകയാണ്. 2021ൽ ക്രൈസ്തവ സമൂഹത്തിന് നേരെ ഉണ്ടായ രണ്ടാമത്തെ മതനിന്ദാക്കുറ്റാരോപണമാണ് ഇതെന്ന്‍

നാഷണൽ ക്രിസ്റ്റ്യൻ പാർട്ടിയുടെ പ്രസിഡന്റ് ഷബീർ ഷഫ്ക്കത്ത് ചൂണ്ടിക്കാട്ടി. ഒന്നാമത്തെ സംഭവത്തിൽ കറാച്ചിയിലെ നഴ്സും സുവിശേഷ ഗായികയുമായ തബീത്ത ഗില്ലിനെതിരെ സഹപ്രവര്‍ത്തക വ്യാജ ആരോപണം നടത്തിയിരിന്നു. ഇതിന് പിന്നാലെ പോലീസ് എത്തും മുന്‍പ് തബീത്തയ്ക്കു ക്രൂര മര്‍ദ്ദനവും ഏറ്റുവാങ്ങേണ്ടി വന്നിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »