Life In Christ - 2025
ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ച് പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ കന്നി പ്രസംഗം
പ്രവാചക ശബ്ദം 19-02-2021 - Friday
റോം: ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാര്‍ലമെന്റില്‍ പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ഡ്രാഗിയുടെ കന്നി പ്രസംഗം. കൊറോണ പകര്‍ച്ചവ്യാധിക്കിടയില്‍ രാഷ്ട്രത്തെ നയിക്കുന്നതു സംബന്ധിച്ചും, പകര്‍ച്ചവ്യാധിക്ക് ശേഷം രാജ്യം നേരിടാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഫെബ്രുവരി 17ന് പാര്‍ലമെന്റിന്റെ അധോസഭയില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് ഡ്രാഗി ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ പരാമര്‍ശിച്ചത്. “ഫ്രാന്‍സിസ് പാപ്പ പറഞ്ഞതുപോലെ, നമ്മുടെ ചൂഷണത്തോടുള്ള ഭൂമിയുടെ പ്രതികരണമാണ് പ്രകൃതി ദുരന്തങ്ങള്‍. അങ്ങെന്താണ് ചിന്തിക്കുന്നതെന്ന് ഇപ്പോള്‍ ഞാന്‍ ദൈവത്തോട് ചോദിച്ചാല്‍, ദൈവം നല്ലതെന്തെങ്കിലും പറയുമെന്ന് ഞാന്‍ കരുതുന്നില്ല. ദൈവത്തിന്റെ സൃഷ്ടിയെ നശിപ്പിച്ചവരാണ് നമ്മള്‍” ഡ്രാഗി പറഞ്ഞു.
പരിസ്ഥിതിയെക്കുറിച്ചും, ജനങ്ങളുടെ ആരോഗ്യത്തിലും ജീവിതത്തിലും പരിസ്ഥിതി ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970-ല്‍ സ്ഥാപിതമായ ഭൗമദിനത്തിന്റെ അന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് 2020 ഏപ്രിലിൽ ഫ്രാന്‍സിസ് പാപ്പ നടത്തിയ പൊതു അഭിസംബോധനയില്‍ നിന്നും എടുത്ത ഉദ്ധരണിയാണ് പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി പാര്‍ലമെന്റിലെ തന്റെ കന്നി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.
2014 മുതല്‍ 2016 വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന മാറ്റിയോ റെന്‍സിയുടെ ഇറ്റാലിയ വിവാ പാര്‍ട്ടി തങ്ങളുടെ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന്‍ മുന്‍ പ്രധാനമന്ത്രി ഗിസെപ്പെ കോന്‍റെക്ക് പാര്‍ലമെന്റില്‍ തന്റെ ഭൂരിപക്ഷം തെളിയിക്കുവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ രൂപീകൃതമാകുന്നത്. ജെസ്യൂട്ട് സ്ഥാപനത്തില്‍ പഠിച്ചുവളര്‍ന്ന കത്തോലിക്ക വിശ്വാസി കൂടിയായ ഡ്രാഗിയെ 2020-ല്‍ ഫ്രാന്‍സിസ് പാപ്പ ‘പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ സോഷ്യല്‍ സയന്‍സ്’ അംഗമായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു.