News - 2021

ചൈനയിലെ മതപീഡനം തുടർക്കഥ: കാരണം കൂടാതെ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം കൂടി പൊളിച്ചുമാറ്റുന്നു

പ്രവാചക ശബ്ദം 21-02-2021 - Sunday

യിനിങ്: ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ യില്ലി ജില്ലയിലെ യിനിങ്ങില്‍ റിലീജിയസ് അഫയേഴ്സ് വിഭാഗത്തിന്റെ പൂര്‍ണ്ണ അനുമതിയോടെ രണ്ടായിരമാണ്ടിൽ നിര്‍മ്മിച്ച കത്തോലിക്ക ദേവാലയം പ്രാദേശിക അധികാരികള്‍ പൊളിച്ചു മാറ്റുവാന്‍ ഒരുങ്ങുന്നു. അടുത്ത ആഴ്ചയോടെ ദേവാലയം പൊളിച്ചുമാറ്റുമെന്നാണ് കരുതപ്പെടുന്നത്. യില്ലി ജില്ലാ അധികാരികളും, യിനിങ് അധികാരികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് നിര്‍മ്മാണത്തേക്കുറിച്ച് വാനോളം പുകഴ്ത്തിയ ദേവാലയമാണ് ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്തീയ സമൂഹത്തെ കമ്മ്യൂണിസ്റ്റുവത്കരിക്കുന്നതിന്റെ ഭാഗമായി പൊളിച്ചു മാറ്റുവാന്‍ ഒരുങ്ങുന്നതെന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത.

ദേവാലയം പൊളിച്ചു നീക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നു പ്രദേശവാസികളായ ക്രൈസ്തവർ ചൂണ്ടിക്കാട്ടി. റിലീജിയസ് അഫയേഴ്സ് വകുപ്പില്‍ നിന്നുള്ള പൂര്‍ണ്ണ അനുമതിയും മതിയായ രേഖകളും ദേവാലയ അധികൃതരുടെ പക്കല്‍ ഉണ്ടെന്നതാണ് വിരോധാഭാസം. ദേവാലയം പൊളിച്ചു മാറ്റുന്നതിന്റെ ശരിയായ കാരണം അധികാരികള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ദേവാലയമിരിക്കുന്നിടത്ത് കൊമ്മേഴ്സ്യല്‍ ബിൽഡിംഗ് പണികഴിപ്പിക്കുവാനാണ് നീക്കമെന്നാണ് അനുമാനിക്കപ്പെടുന്നത്. വിമാനത്താവളത്തിലേക്കും അര്‍ബന്‍ മേഖലയിലേക്കും പോകുന്ന പ്രധാന പാതയോരത്ത് വാണീജ്യ മൂല്യമേറിയ സ്ഥലത്താണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ 20 വർഷങ്ങൾക്ക് മുൻപ് ജനവാസ മേഖലയില്‍ നിന്നും ദൂരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്നതിനാലാണ് ഈ സ്ഥലത്ത് അന്നത്തെ നഗരാധികാരികള്‍ ദേവാലയം പണിയുവാന്‍ അനുമതി നല്‍കിയതെന്നതാണ് വാസ്തവം. കാലക്രമേണ നഗരം വികസിക്കുകയും സ്ഥലത്തിന്റെ കച്ചവടമൂല്യം വര്‍ദ്ധിക്കുകയും ചെയ്തതാണ് ഈ ദേവാലയം പൊളിച്ചുനീക്കുവാന്‍ അധികാരികളെ പ്രേരിപ്പിച്ചിരിക്കുന്നത്.

2018-ല്‍ ദേവാലയത്തിന്റെ മുൻഭാഗത്തുള്ള ക്രിസ്ത്യന്‍ പ്രതീകങ്ങള്‍ മായ്ച്ചുകളയുകയും, ദേവാലയ കെട്ടിടത്തിന്റെ മുകളില്‍ ഇരുവശങ്ങളിളായി സ്ഥാപിച്ചിരുന്ന വിശുദ്ധ പത്രോസിന്റേയും വിശുദ്ധ പൗലോസിന്റേയും രൂപങ്ങളും, നടുവിലുണ്ടായിരുന്ന കുരിശും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ആളുകള്‍ ശ്രദ്ധിക്കുമെന്ന യുക്തിരഹിതമായ ആരോപണം ഉന്നയിച്ച് ദേവാലയത്തിന്റെ മണിമാളികയും രണ്ട് മകുടങ്ങളും പിന്നീട് നീക്കം ചെയ്യുകയുണ്ടായി.

1993-ല്‍ നിര്‍മ്മാണാനുമതിക്കായി ദേവാലയത്തിന്റെ പദ്ധതി സമര്‍പ്പിച്ചപ്പോള്‍ തന്നെ ഉയരക്കൂടുതല്‍ എന്നാരോപണം ഉന്നയിച്ച് 5 മീറ്റര്‍ കുറച്ചിരുന്നു. നിര്‍മ്മാണത്തിനിടെ മകുടങ്ങളുടെ തിളക്കമുള്ള നിറങ്ങള്‍ മാറ്റി പകരം ചാര നിറം പൂശുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭരണകൂടത്തിന്റെ മതസ്വാതന്ത്ര്യ വിരുദ്ധ നിലപാടാണ് ഇതിന് പിന്നിലെ കാരണമായി വിശ്വാസീ സമൂഹം ചൂണ്ടിക്കാട്ടുന്നത്. 2013-ല്‍ ഷീ ജിന്‍പിംഗ് അധികാരത്തില്‍ വന്നതിനു ശേഷമാണ് ക്രൈസ്തവർക്കെതിരെയുള്ള മതപീഡനം ഇത്രമാത്രം വര്‍ദ്ധിച്ചത്. ‘കമ്മ്യൂണിസ്റ്റുവത്കരണ’ത്തിന്റെ പേരില്‍ രാജ്യത്തു നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »