News

കർദ്ദിനാൾ ഗമ്പേത്തി വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ പുതിയ ആര്‍ച്ച് പ്രീസ്റ്റ്

പ്രവാചക ശബ്ദം 23-02-2021 - Tuesday

റോം: വത്തിക്കാൻ സ്റ്റേറ്റിന്റെ വികാരി ജനറലായും വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ പുതിയ ആര്‍ച്ച് പ്രീസ്റ്റായും കർദ്ദിനാൾ മൗറൊ ഗമ്പേത്തിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ മുഖ്യപുരോഹിതൻ, ബസിലിക്കയുടെ അറ്റുകുറ്റപ്പണികൾ, സംരക്ഷണം തുടങ്ങിയ ദൗത്യങ്ങളുള്ള സ്ഥാപനമായ “ഫാബ്രിക്ക സാംക്തി പേത്രി”യുടെ (Fabrica Sancti Petri) അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കും. ഈ സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ടിരിന്ന കർദ്ദിനാൾ ആഞ്ചലോ കൊമാസ്ത്രി പ്രായപരിധിയെത്തിയതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചതിന് പിന്നാലെയാണ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്.

നിലവില്‍ അന്‍പത്തിയഞ്ചു വയസ്സു പ്രായമുള്ള കർദ്ദിനാൾ മൗറൊ ഗമ്പേത്തി അസ്സീസിയിലെ ഫ്രാൻസിസ്ക്കൻ ആശ്രമത്തിൻറെ ചുമതല വഹിച്ചു വരികയായിരുന്നു. കര്‍ദ്ദിനാള്‍ കോളേജിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കര്‍ദ്ദിനാളാണ് മൗറൊ ഗമ്പേത്തി. 1965 ഒക്ടോബർ 27നു ഇറ്റലിയുടെ വടക്കു ഭാഗത്തുള്ള എമീലിയ റോമാഞ്ഞ പ്രവിശ്യയിലെ കാസ്തെൽ സാൻ പീയെത്രൊയിലാണ് അദ്ദേഹത്തിന്റെ ജനനം. ലോകത്തിലെ ഏറ്റവും പുരാതന സർവകലാശാലയായ ബൊലോഗ്ന സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അദ്ദേഹം ബിരുദം നേടി.

2000-ൽ തിരുപട്ടം സ്വീകരിച്ചു. പൌരോഹിത്യ പട്ടം സ്വീകരിച്ചതിന് പിന്നാലെയുള്ള ആദ്യ ദൌത്യം ഇറ്റലിയിലെ എമിലിയ റോമാഗ്നയിൽ യുവജനങ്ങള്‍ക്കിടയിലുള്ള ശുശ്രൂഷകളെ കേന്ദ്രീകരിച്ചായിരിന്നു. 2009 ൽ ബൊലോഗ്ന പ്രവിശ്യയിലെ ഫ്രാൻസിസ്കൻ സമൂഹത്തിന്റെ സുപ്പീരിയറായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുകയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »