News - 2025
നൂറ് പുൽക്കൂടുകളുടെ പ്രദർശനത്തിന് തയാറെടുത്ത് വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരം
പ്രവാചകശബ്ദം 05-12-2023 - Tuesday
റോം: വിശുദ്ധ ഫ്രാൻസിസ് അസീസി എട്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച പുൽക്കൂട് നിര്‍മ്മാണത്തിന്റെ എണ്ണൂറാം വാർഷികത്തോട് അനുബന്ധിച്ച് 100 പുൽക്കൂടുകളുടെ പ്രദർശനം വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കും. 2025ൽ നടക്കാനിരിക്കുന്ന ജൂബിലി വർഷത്തിന് മുന്നോടിയായിട്ടാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. തിരുപ്പിറവിയുടെ പ്രദർശനങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികൾ ഇടം പിടിക്കും. ഡിസംബർ എട്ടാം തീയതി വൈകുന്നേരം നാലുമണിക്ക് ആയിരിക്കും പുൽക്കൂടുകളുടെ പ്രദർശനം ആരംഭിക്കുക. കുട്ടികളുടെ മനോഹരമായ സംഗീതവും ഉദ്ഘാടനത്തിന് ശേഷം ക്രമീകരിച്ചിട്ടുണ്ട്.
ജനുവരി 7 തീയതി വരെ ആയിരിക്കും പ്രദർശനം നീണ്ടുനിൽക്കുക. രാവിലെ 10 മുതൽ വൈകുന്നേരം 7:30 വരെ ഒരുക്കിയിരിക്കുന്ന പ്രദർശനം സൗജന്യമായിരിക്കും. പ്രദർശനത്തിന്റെ പേര് 'ഹൺഡ്രഡ് നേറ്റിവിറ്റി സീൻസ് ഇൻ ദ വത്തിക്കാൻ' എന്നാണെങ്കിലും 22 രാജ്യങ്ങളിൽ നിന്ന് ഏകദേശം 120നു മുകളിൽ പുൽക്കൂടുകൾ ഇവിടെ ഒരുക്കും. ഇറ്റലി, ക്രൊയേഷ്യ, സ്പെയിൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പുൽക്കൂടുകളും പ്രദർശനത്തിന് ലഭ്യമാണ്. ഇറ്റലിയിലെ ജയിൽ പുള്ളികൾ നിർമ്മിച്ച പുൽക്കൂടുകളും പ്രദർശനത്തിൽ ഉണ്ടാകും. കൂടാതെ വിവിധ സംഘടനകളും, ഇറ്റലിയിലെ വിദ്യാലയങ്ങളും ഉൾപ്പെടെയുള്ളവ നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യങ്ങളും പ്രദർശനത്തിന്റെ ഭാഗമാകും.