News
ചിത്രങ്ങള്‍ വരയ്ക്കാന്‍ അറിയുമോ?; വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രദര്‍ശിപ്പിക്കാനും ക്യാഷ് പ്രൈസ് നേടാനും അവസരം
പ്രവാചകശബ്ദം 29-12-2023 - Friday
വത്തിക്കാന്‍ സിറ്റി: ചരിത്ര പ്രസിദ്ധനായ ഇറ്റാലിയൻ ശിൽപിയും ചിത്രകാരനുമായ മൈക്കലാഞ്ചലോ, ജിയാൻ ലോറെൻസോ ബെർണിനി എന്നിവരുടെ സൃഷ്ടികൾക്കൊപ്പം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിൽ ഇടം പിടിക്കുവാന്‍ കത്തോലിക്കാ കലാകാരന്മാര്‍ക്ക് അവസരം. തങ്ങളുടെ പെയിന്റിംഗുകൾ പ്രദർശിപ്പിക്കാനും കാഷ് പ്രൈസ് നേടാനും കലാകാരന്‍മാര്‍ക്ക് അവസരം ഒരുക്കുന്ന മത്സരം വത്തിക്കാനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുരിശിന്റെ വഴിയിലെ വിവിധ സ്ഥലങ്ങളാണ് പ്രമേയം.
2026-ലെ നോമ്പ് സമയത്ത് വിജയിയുടെ ചിത്രങ്ങള്‍ ചരിത്ര പ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ താൽക്കാലികമായി പ്രദർശിപ്പിക്കും. 1,20,000 യൂറോയുടെ (ഏകദേശം $131,000) ക്യാഷ് പ്രൈസും വത്തിക്കാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാർക്കായാണ് മത്സരം. ചിത്രകാരന്‍മാര്‍ക്ക് ഏത് ശൈലിയും സാങ്കേതികതയും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ കുരിശിന്റെ വഴിയിലെ പരമ്പരാഗത 14 സ്ഥലങ്ങളാണ് വരയ്ക്കേണ്ടതെന്നും വത്തിക്കാന്‍ അറിയിച്ചു.
ജനുവരി 8 മുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മത്സരാര്‍ത്ഥികള്‍ക്കായുള്ള അപേക്ഷാ ഫോറം ലഭ്യമാകും. മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ കലാകാരന്മാർ ഇംഗ്ലീഷിലോ ഇറ്റാലിയൻ ഭാഷയിലോ തങ്ങളുടെ ബയോഡാറ്റയും മുന്‍പ് സ്വന്തം രചിച്ച പത്തു കലാസൃഷ്ട്ടികളുടെ ചിത്രങ്ങള്‍ അടങ്ങിയ പിഡിഎഫ് ഫയലും അപ്ലോഡ് ചെയ്യണം. അവയ്ക്കു ഹ്രസ്വമായ അടിക്കുറിപ്പുകളും മറ്റ് വിവരങ്ങളും നല്‍കേണ്ടതുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളെ 2024 മാർച്ച് 15-നകം വത്തിക്കാൻ അറിയിക്കും. ഇവര്‍ക്കായി 50x50cm വലിപ്പത്തില്‍ കുരിശിന്റെ വഴിയിലെ പന്ത്രണ്ടാം സ്ഥലം ''ഈശോ കുരിശില്‍ മരിക്കുന്നു'' ചിത്രത്തിന്റെ ഫ്രെയിം ചെയ്ത ഒറിജിനൽ സ്കെച്ചും കലാകാരൻ സ്വതന്ത്രമായി തിരഞ്ഞെടുത്ത മറ്റൊരു കുരിശിന്റെ വഴിയിലെ സ്ഥലത്തിന്റെ രചനയും അയക്കുവാന്‍ ആവശ്യപ്പെടും. ഇവയില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുക്കുക.
ഓണ്‍ലൈന്‍ അപേക്ഷ ഫോറം ലഭ്യമാകുന്ന വെബ്സൈറ്റ് ലിങ്ക്: (ജനുവരി 8 മുതല്‍)
https://www.basilicasanpietro.va/en.html