News
കോവിഡ് പ്രതിരോധ വാക്സിനുകള്‍ ധാര്‍മ്മികമായി സ്വീകാര്യം: വത്തിക്കാന്‍ വിശ്വാസ തിരുസംഘം
പ്രവാചക ശബ്ദം 23-02-2021 - Tuesday
വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം ചെയ്ത ഭ്രൂണത്തിന്റെ മൂലകോശങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കോവിഡ് 19 പ്രതിരോധ വാക്സിനുകള്‍ സ്വീകരിക്കുന്നതിലെ ധാര്‍മ്മികതയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ശക്തമായ സാഹചര്യത്തില്‍, ഔദ്യോഗിക നിലപാട് വ്യക്തമാക്കിക്കൊണ്ട് വത്തിക്കാന്‍ വിശ്വാസ തിരുസംഘം. 1960-കളില്‍ ഭ്രൂണഹത്യ ചെയ്യപ്പെട്ട രണ്ടു ഭ്രൂണങ്ങളില്‍ നിന്നുള്ള കോശ ലൈനുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കോവിഡ്-19 പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്നത് ധാര്‍മ്മികമായി സ്വീകാര്യമാണെന്ന് വിശ്വാസ തിരുസംഘം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇത് ഗര്‍ഭഛിദ്രത്തിന് പ്രത്യക്ഷത്തിലോ പരോക്ഷമായോ ഉള്ള അംഗീകാരമല്ലെന്നും വിശ്വാസ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കോമൊ മൊറാണ്ടി ഒപ്പുവെച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സമാന വിഷയം സംബന്ധിച്ച് 2005-ലും 2017-ലും പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫും (പി.എ.വി), 2008-ല്‍ വിശ്വാസ തിരുസംഘം തന്നെ പുറത്തുവിട്ട ഡിഗ്നിറ്റാസ് പെഴ്സോണെയും ഉള്‍പ്പെടെയുള്ള മൂന്നു പ്രഖ്യാപനങ്ങളും രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. നിലവിലെ പ്രതിരോധ മരുന്നുകളുടെ സുരക്ഷിതത്വവും, ഫലപ്രാപ്തിയും വിലയിരുത്തുകയല്ല തങ്ങളുടെ ലക്ഷ്യം. അത് മരുന്ന് നിര്‍മ്മാതാക്കളുടെയും വൈദ്യശാസ്ത്ര ഗവേഷകരുടെയും ഉത്തരവാദിത്വമാണ്. അതേസമയം 1960-കളില്‍ ഭ്രൂണഹത്യ ചെയ്യപ്പെട്ട രണ്ടു ഭ്രൂണങ്ങളില്‍ നിന്നുള്ള കോശ ലൈനുകള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത കോവിഡ്-19 പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്നതിലെ ധാര്‍മ്മികത സംബന്ധിച്ച സംശയങ്ങള്‍ക്ക് വ്യക്തവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യം.
നിയമവിരുദ്ധമായ ഉത്ഭവമുള്ള സെൽ ലൈനുകൾ ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങളില്‍, അവ ഉപയോഗപ്പെടുത്തുവാന്‍ തീരുമാനമെടുക്കുന്നവരുടെ ഉത്തരവാദിത്വം പോലെ ആയിരിക്കില്ല ഇത്തരം തീരുമാനങ്ങളെ മാറ്റാൻ കഴിയാത്തവരുടെ ഉത്തരവാദിത്വമെന്ന്, ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അംഗീകാരത്തോടെ പുറത്തുവന്ന ‘ഡിഗ്നിറ്റാസ് പെഴ്സോണെ’യില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ധാര്‍മ്മികമായ കുറ്റമറ്റ വാക്സിനുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഗവേഷണ, ഉൽപാദന പ്രക്രിയയിൽ ഭ്രൂണ സെൽ ലൈനുകൾ ഉപയോഗിച്ചു വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിനുകൾ സ്വീകരിക്കുന്നത് സ്വീകാര്യമാണ്. പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്നത് അബോര്‍ഷനുള്ള ഔപചാരിക പിന്തുണയല്ല. മറിച്ച് അതിനുള്ള സാധ്യത വിദൂരമാണ്.
ഈ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ അബോര്‍ഷനുള്ള പിന്തുണയല്ലായെന്നും ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ഉതകുന്ന മരുന്നുകള്‍ നിര്‍മ്മിക്കുവാന്‍ ശ്രമിക്കണമെന്നു മരുന്നു നിര്‍മ്മാണ കമ്പനികളോടും, സര്‍ക്കാരുകളോടും ആഹ്വാനം ചെയ്യുന്നുവെന്നും വിശ്വാസ തിരുസംഘത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ദരിദ്രരാഷ്ടങ്ങള്‍ക്ക് ബാധ്യതകള്‍ വരുത്താതെ സുരക്ഷിതവും, ഫലപ്രദവുമായ കോവിഡ് പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കേണ്ടത് അന്താരാഷ്ട്ര സംഘടനകളുടേയും, മരുന്ന് നിര്‍മ്മാണ വ്യവസായത്തിന്റേയും, സര്‍ക്കാരുകളുടേയും ഉത്തരവാദിത്വമാണെന്നും രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഗോള തലത്തില്‍ കോവിഡ് പ്രതിരോധ മരുന്നുകളുടെ പ്രചാരണ പരിപാടികള്‍ വ്യാപിപ്പിക്കുന്നതിനിടെ ഇതിന്റെ ധാര്‍മ്മികതയെചൊല്ലി ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരമായാണ് വത്തിക്കാന്‍ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച രേഖയെ പൊതുവേ നിരീക്ഷിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക