India - 2025

ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതരായി പ്രവര്‍ത്തിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പ്രവാചക ശബ്ദം 27-02-2021 - Saturday

പാലാ: നീതിബോധവും ധാര്‍മികതയുമുളള ജനപ്രതിനിധികളായി ഏവരും മാറണമെന്നും ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതരായി പ്രവര്‍ത്തിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിലെ വിവിധ ഇടവകകളില്‍നിന്ന് ജില്ലാ പഞ്ചായത്തുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും മത്സരിച്ച് വിജയിച്ചവരുടെ സമ്മേളനം പാലാ ബിഷപ്പ്സ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇലക്ഷനില്‍ കക്ഷിരാഷ്ട്രീയമുണ്ടായിരിക്കാം. എന്നാല്‍ ഇലക്ഷനുശേഷം കക്ഷിരാഷ്ട്രീയത്തിന് അതീതരായി പ്രവര്‍ത്തിക്കുന്നതിനുളള ശക്തി ജനപ്രതിനിധികള്‍ ആര്‍ജിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പളളിക്കാപറന്പില്‍, വികാരി ജനറാളുമാരായ മോണ്‍. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപറന്പില്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഷോണ്‍ ജോര്‍ജ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ജോസ് പുത്തന്‍കാല, പി. എം. മാത്യു പഴയവീട്ടില്‍, രാജേഷ് വാളിപ്ലാക്കല്‍, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, റൂബി ജോസ് ഓമലകത്ത്, എന്‍. റ്റി. കുര്യന്‍ നെല്ലിവേലില്‍, ആന്േ!റാ ജോസ് പടിഞ്ഞാറേക്കര, പ്രിന്‍സ് വി. സി. തയ്യില്‍, തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ സ്വാഗതവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നന്ദിയും പറഞ്ഞു.

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ അംഗങ്ങളാണ് രൂപതാതിര്‍ത്തികളില്‍ ഉള്‍പ്പെടുന്നത്. പാലാ, ഈരാറ്റുപേട്ട, കൂത്താട്ടുകുളം എന്നീ മുനിസിപ്പാലിറ്റികളും കടുത്തുരുത്തി, ഉഴവൂര്‍, ളാലം, ഈരാറ്റുപേട്ട, പാന്പാടി, പാന്പാക്കുട, കാഞ്ഞിരപ്പള്ളി, ഇളംദേശം തുടങ്ങിയ ബ്ലോക്ക് പഞ്ചായത്തുകളും പാലാ രൂപതയുടെ അതിര്‍ത്തിയില്‍ വരുന്നവയാണ്.


Related Articles »