Life In Christ - 2024

അധികാരത്തില്‍ നിന്ന് എളിമയിലേക്ക്: പാറ്റ്ന അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഇടവക സഹവികാരിയായി ചുമതലയേറ്റു

പ്രവാചക ശബ്ദം 01-03-2021 - Monday

പാറ്റ്ന: ബീഹാറിലെ പാറ്റ്ന അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത റവ. വില്ല്യം ഡി’സൂസ എസ്.ജെ പാറ്റ്നക്ക് പുറത്തുള്ള കന്റോണ്‍മെന്റ് മേഖലയിലെ ദാനാപൂര്‍ സെന്റ്‌ ജോസഫ് ഇടവകയുടെ സഹവികാരിയായി ചുമതലയേറ്റു. ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതിയായ സി.സി.ബി.ഐ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഇടവക ശുശ്രൂഷ തന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നതാണെന്നും, ഇടവകയിലെ ആത്മീയ ശുശ്രൂഷകളിലും, കൂട്ടായ്മകളിലും ഇനിമുതല്‍ തന്നാല്‍ കഴിയുംവിധം സേവനം ചെയ്യുമെന്നും എഴുപത്തിയഞ്ചുകാരനായ മുന്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പാറ്റ്ന അതിരൂപതയുടെ മെട്രോപ്പൊളിറ്റന്‍ മെത്രാപ്പോലീത്ത പദവിയിലിരിക്കേ 2020 ഡിസംബര്‍ 9നാണ് അദ്ദേഹം വിരമിച്ചത്. തന്റെ ലളിതമായ ജീവിത ശൈലികൊണ്ടും, ഗ്രാമവാസികളുമായുള്ള ബന്ധം കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് ബിഷപ്പ് വില്ല്യം.

1946 മാര്‍ച്ച് 5നു കര്‍ണ്ണാടകയിലെ മഡാന്ത്യാറിലാണ് ബിഷപ്പ് വില്ല്യം ജനിച്ചത്. ഈശോ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1976 മെയ് 3ന് തിരുപ്പട്ട സ്വീകരണം നടത്തി. തമിഴ്നാട്ടിലെ ഷെമ്പാനഗൂറില്‍ നിന്നും തത്വശാസ്ത്രവും, പൂനെയിലെ ജ്ഞാന ദീപ വിദ്യാപീഠത്തില്‍ നിന്നും ദൈവശാസ്ത്രവും പഠിച്ച റവ. വില്ല്യം നിരവധി സ്ഥലങ്ങളില്‍ ജെസ്യൂട്ട് സഭയുടെ സുപ്പീരിയര്‍ ആയി സേവനം ചെയ്തിട്ടുണ്ട്. മുസാഫര്‍പൂര്‍ മൈനര്‍ സെമിനാരിയുടെ റെക്ടറായും, മുസാഫര്‍പൂര്‍ മെത്രാന്റെ സെക്രട്ടറിയായുമുള്ള സേവന ചരിത്രവും റവ. വില്ല്യമിനുണ്ട്.

ബക്സാര്‍ ജില്ലയിലെ ഇറ്റാര്‍ഹി ഇടവക വികാരിയായി സേവനം ചെയ്തുകൊണ്ടിരുന്ന റവ. വില്യം 2006 മാര്‍ച്ച് 25നാണ് പുതുതായി സൃഷ്ടിക്കപ്പെട്ട ബക്സാര്‍ രൂപതയുടെ മെത്രാനായി അഭിഷിക്തനാകുന്നത്. ഒരു വര്‍ഷക്കാലം മുസാഫര്‍പൂര്‍ രൂപതയുടെ അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. 2007 ഒക്ടോബര്‍ ഒന്നിന് ബെനഡിക്ട് പതിനാറാമന്‍ പാപ്പ റവ. വില്ല്യം ഡി’സൂസയെ പാറ്റ്ന അതിരൂപതയുടെ മെട്രോപ്പൊളിറ്റന്‍ മെത്രാപ്പോലീത്തയായി നിയമിക്കുകയായിരിന്നു.

44 വര്‍ഷം വൈദികനായും 14 വര്‍ഷക്കാലം മെത്രാനായും സഭയില്‍ സ്തുത്യര്‍ഹമായ വിധത്തില്‍ സേവനം ചെയ്ത അദ്ദേഹം മുന്നോട്ടുള്ള വര്‍ഷങ്ങള്‍ ഇടവകയുടെ സര്‍വ്വോത്മുഖമായ വളര്‍ച്ചയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സേലം രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായനും ബിജ്‌നോര്‍ രൂപതയുടെ മെത്രാന്‍ സ്ഥാനത്തുനിന്നു വിരമിച്ച മാര്‍ ജോണ്‍ വടക്കേല്‍ സിഎംഐയും ശിഷ്ടകാലം ഇപ്പോള്‍ ഇടവക വൈദികരായാണ് സേവനം ചെയ്യുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »