Faith And Reason - 2025
ലഹരിവിരുദ്ധ പ്രവര്‍ത്തനം: വെനിസ്വേലയില്‍ ക്രിസ്ത്യന്‍ യുവാക്കളുടെ ശരീരം കത്തിക്കൊണ്ട് കീറി ബൈബിള്‍ പേജ് തീറ്റിച്ചു
പ്രവാചക ശബ്ദം 03-03-2021 - Wednesday
കാരക്കാസ്: തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ ലഹരിമരുന്നിനു അടിമകളായവര്‍ക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന നാല് ക്രിസ്ത്യന്‍ യുവാക്കളെ ലഹരി മാഫിയ സംഘാംഗങ്ങള്‍ ഭീഷണിപ്പെടുത്തി ആക്രമിച്ചു. ബൈബിളിന്റെ പേജുകള്‍ തീറ്റിച്ച മാഫിയ സംഘം ശരീരത്തില്‍ 'എക്സ്' ആകൃതിയില്‍ കത്തിക്കൊണ്ട് കീറി മുറിവേല്‍പ്പിക്കുകയും ചെയ്തു. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ ആണ് ലഹരിമരുന്ന് സംഘം നടത്തിയ കൊടും ക്രൂരതയുടെ വാര്‍ത്ത പുറത്തുവിട്ടത്. ഫെബ്രുവരി 16ന് വെനിസ്വേലയിലെ മെറിഡാ സംസ്ഥാനത്തിലെ ലിബെര്‍ട്ടാഡോര്‍ നഗരത്തില്‍ വചനപ്രഘോഷകനായ ദുഗാര്‍ട്ടെയും അദ്ദേഹത്തിന്റെ പത്നിയും നടത്തുന്ന പുനരധിവാസകേന്ദ്രത്തില്‍വെച്ചായിരുന്നു അക്രമം.
ജാക്കറ്റ് ധരിച്ചെത്തിയ എട്ടു പേരടങ്ങുന്ന അക്രമിസംഘം പുനരധിവാസകേന്ദ്രത്തില്‍ അതിക്രമിച്ച് കടന്നു അസഭ്യവര്‍ഷം നടത്തുകയും, മുഖം മൂടിയതിനു ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ബൈബിളിന്റെ താളുകള്‍ തീറ്റിക്കുകയും, കത്തികൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞതായി ഓപ്പണ്‍ഡോഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളെ മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ നിന്നും, അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ നിന്നും മോചിപ്പിക്കുവാനായി ക്രിസ്ത്യന്‍ യുവാക്കള്‍ നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങള്‍ അവരെ ലഹരി മാഫിയയുടെ നോട്ടപ്പുള്ളികളാക്കുകയായിരിന്നുവെന്നാണ് നിഗമനം. കൈകാലുകളും, വാരിയെല്ലുകളും ഒടിഞ്ഞതിനെ തുടര്‍ന്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാല് പേരില്‍ ഒരാളുടെ ആരോഗ്യനില അല്‍പ്പം മോശമാണ്.
ആക്രമണത്തിന് ആഴ്ചകള്‍ മുന്നേതന്നെ പുനരധിവാസ കേന്ദ്രം പൂട്ടിക്കുമെന്ന്‍ രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയതായി ദുഗാര്‍ട്ടെ പറഞ്ഞു. തങ്ങളെ ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ക്കെതിരെ അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിധ സംഘാംഗങ്ങള്‍ ഉള്‍പ്പെട്ട സംഘമാണ് അക്രമത്തിന്റെ പിന്നിലെന്നാണ് ഓപ്പണ്‍ഡോഴ്സ് പറയുന്നത്. അക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വെനിസ്വേലയിലെ ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്ന രാജ്യമാണ് വെനിസ്വേല. ഇതിനിടയില്‍ പോലും ലഹരിമാഫിയ സംഘങ്ങള്‍ രാജ്യത്തു സജീവമാണ്. ലഹരിമരുന്ന് കച്ചവടത്തിനും, അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും ഭീഷണിയായിട്ടാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ലഹരിമരുന്ന്‍ സംഘങ്ങള്‍ ക്രിസ്ത്യന്‍ സഭകളെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയെ കണ്ടുവരുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
