News
ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍: എയര്‍പോര്‍ട്ടിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രിയും ഭരണനേതൃത്വവും
പ്രവാചക ശബ്ദം 05-03-2021 - Friday
ബാഗ്ദാദ്: ആഭ്യന്തര കലാപവും ക്രൈസ്തവ വംശഹത്യയും നല്കിയ തീരാമുറിവുകളില്‍ നിന്ന് കരകയറുന്ന ഇറാഖി ജനതയ്ക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ ഇറാഖിലെത്തി ചേര്‍ന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നു തന്നെ എത്തിച്ചേര്‍ന്ന പാപ്പയ്ക്ക് പ്രൌഡഗംഭീരമായ സ്വീകരണമാണ് ബാഗ്ദാദ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയും ഭരണകൂടത്തിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തിയാണ് പാപ്പയെ സ്വീകരിച്ചത്.
കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ അടക്കമുള്ള ഇറാഖില്‍ സഭയിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരിന്നു. സംഗീത അകമ്പടിയോടെയായിരിന്നു സ്വീകരണം. ഇറാഖിന്റെ മണ്ണിലേക്ക് എത്തുന്ന പത്രോസ് ശ്ലീഹായുടെ ആദ്യത്തെ പിൻഗാമിയാണ് ഫ്രാൻസിസ് പാപ്പ. ഇറാഖിലെ സമയം മൂന്നുമണിക്ക് പാപ്പ പ്രസിഡൻഷ്യൽ കൊട്ടാര വളപ്പിൽ എത്തിച്ചേർന്നു.പ്രസിഡന്‍റ് ബർഹാം അഹമ്മദ് സലി കാസിം പാപ്പായെ വരവേറ്റു.
തുടർന്ന് ഔദ്യോഗിക സ്വീകരണച്ചടങ്ങായിരുന്നു. സൈനീക ചിട്ടകളോടെ നടന്ന വരവേല്പിനെ തുടർന്ന് പ്രസിഡന്‍റ്, കാസീമിനൊപ്പം പാപ്പ കൊട്ടാരത്തിലേയ്ക്ക് നീങ്ങി. അവിടെ സ്വീകരണമുറയിൽ ബർഹാം കാസിമും മാര്‍പാപ്പയും സൗഹൃദസംഭാഷണത്തിൽ ഏർപ്പെടുകയും സമ്മാനങ്ങൾ കൈമാറുകയുംചെയ്തു. തുടർന്ന് രാഷ്ട്രപ്രതിനിധികളും നയന്ത്രപ്രതിനിധികളും രാജ്യത്തെ പ്രമുഖരും വിശിഷ്ടാതിഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പാ കൊട്ടാരത്തിലെ പ്രധാന ഹാളിലേയ്ക്ക് നീങ്ങി. ഏകദേശം 200-പേരുണ്ടായിരുന്ന വിശിഷ്ഠമായ സദസ് എഴുന്നേറ്റുനിന്ന് ഹസ്താരവം മുഴക്കി പാപ്പായെ വരവേറ്റു.
പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് അഞ്ചു മണിയോടെ (ഇന്ത്യന്‍ സമയം 07:30PM) ബാഗ്ദാദിലെ രക്ഷാകര നാഥയുടെ നാമത്തിലുള്ള ഭദ്രാസനദേവാലയത്തിൽ എത്തിചേര്‍ന്നു. മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ എന്നിവരുമായി പാപ്പ കൂടിക്കാഴ്ച നടത്തി.
വത്തിക്കാന്‍ സമയം ഇന്ന് രാവിലെ 7 മണിക്ക് സാന്താ മാർത്തായിൽനിന്നും എയര്‍പോര്‍ട്ടിലേക്ക് പാപ്പ യാത്ര തിരിക്കുമ്പോള്‍ പാപ്പയെ യാത്രയയ്ക്കുവാൻ പേപ്പൽ വസതിക്കു മുന്നിൽ കാത്തുന്നിരുന്നത് റോമാ നഗരത്തിൽ അഭയാർത്ഥികളായെത്തിയ ഒരു കൂട്ടം ഇറാഖി കുടുംബങ്ങളായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പാപ്പായുടെ ഉപവിപ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേസ്ക്കിയുടെ കൂടെ എത്തിയവർ പാപ്പായെ അഭിവാദ്യംചെയ്തു. അവരോടു കുശലം പറഞ്ഞ പാപ്പ, സാന്നിദ്ധ്യത്തിന് നന്ദിപറയുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അപേക്ഷിച്ച് കൊണ്ടാണ് റോമിലെ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് തിരിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Posted by Pravachaka Sabdam on