News - 2024

സമാധാന രാജാവായ ക്രിസ്തുവിന്റെ നാമത്തില്‍ തീർത്ഥാടകനായാണ് വന്നിരിക്കുന്നത്': ഇറാഖി നേതാക്കളോട് ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 06-03-2021 - Saturday

ബാഗ്ദാദ്: സമാധാനത്തിന്‍റെ രാജാധിരാജനായ ക്രിസ്തുവിന്‍റെ നാമത്തിൽ, സമാധാനത്തിന്‍റെ തീർത്ഥാടകനായാണ് താനിവിടെ വന്നിരിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറാഖിൽ നല്കിയ പ്രഥമ പ്രഭാഷണത്തിലാണ് ഇറാഖ് പ്രസിഡന്‍റിനോടും പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഒത്തുകൂടിയ മറ്റ് ഭരണാധികാരികളോടും പാപ്പ ഇക്കാര്യം പറഞ്ഞത്. അനുതപിക്കുന്നവനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്, സംഭവിച്ചുപോയ നാശത്തിനും ക്രൂരതയ്ക്കും ദൈവത്തോടും സഹോദരരോടും മാപ്പപേക്ഷിക്കുന്നുവെന്നും പാപ്പ പറഞ്ഞു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഇറാഖിനുവേണ്ടി നിരന്തരം പ്രാർത്ഥിച്ചിരുന്നതും തന്‍റെ ജീവിതത്തിലെ വേദനകൾ ഇറാഖിനായി കാഴ്ചവച്ചതും പാപ്പ തന്റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. തന്റെ പ്രഥമ സന്ദേശത്തില്‍ രാജ്യം കടന്നു പോകുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ കുറിച്ചും പാപ്പ പരാമര്‍ശം നടത്തി.

ഇറാഖിൽ അക്രമം, പീഡനം, ഭീകരത എന്നിവയാൽ നഷ്ട്ങ്ങൾ ഏറ്റുവാങ്ങിയവരെയും പലായനം ചെയ്തവരെയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കാലത്ത് അതിജീവനത്തിനായി പോരാടുന്നവരേയും പാപ്പ സന്ദേശത്തില്‍ സ്മരിച്ചു. മറ്റുള്ളവർ നേരിടുന്ന അവസ്ഥയ്ക്ക് നമ്മളും ഉത്തരവാദികളാണെന്ന ബോധ്യത്തിൽ അവരുടെ സമഗ്ര ഉന്നമത്തിനുവേണ്ടി പ്രവർത്തിക്കണമെന്നു പാപ്പ ആഹ്വാനം ചെയ്തു. ഇറാഖിലും മദ്ധ്യ-പൂർവ്വ രാജ്യങ്ങളിലും സമാധാനം കെട്ടിപ്പടുക്കുന്നതിൽ ആഗോള സമൂഹത്തിന് വലിയ പങ്കുണ്ടെന്നും പാപ്പ പറഞ്ഞു. അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കുമായി ഇറാഖിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾക്കും, കത്തോലിക്കാ ഏജൻസികൾക്കും അവർ നൽകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പാപ്പ നന്ദി അറിയിച്ചു.

പക്ഷപാതപരമായ താൽപര്യങ്ങൾക്ക് അറുതിവരുത്തണം. സാധാരണ ജനങ്ങളുടെ ഉന്നമനത്തിലൂന്നി സമാധാന പ്രിയരുടെ ശബ്ദം എങ്ങും മുഴങ്ങട്ടെ. ജോലിചെയ്ത് സമാധാനത്തിലും പ്രാർത്ഥനയിലും ജീവിക്കാൻ ആഗ്രഹിക്കുന്ന എളിയവരുടെയും ദരിദ്രരുടെയും സാധാരണക്കാരായ സ്ത്രീ-പുരുഷന്മാരുടെയും ശബ്ദം മുഴങ്ങട്ടെ. അക്രമപ്രവർത്തനങ്ങൾക്കും തീവ്രവാദ വിഭാഗങ്ങളുടെ അസഹിഷ്ണുതയ്ക്കും അറുതിവരുത്തട്ടെയെന്നും സംവാദത്തിലൂടെയും സംഭാഷണത്തിലൂടെയും ക്രിയാത്മകവുമായ ചർച്ചകളിലൂടെയും ഈ രാജ്യം കെട്ടിപ്പടുക്കുന്നതിൽ പങ്കുകാരാകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകട്ടെയെന്നും പാപ്പ ആശംസിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »