Life In Christ - 2024

താപനില ഒറ്റ അക്കത്തില്‍ എത്തിയപ്പോള്‍ മഞ്ഞില്‍ ദേവാലയം തീര്‍ത്ത് ഇടവകയുടെ ബലിയര്‍പ്പണവും

പ്രവാചക ശബ്ദം 26-02-2021 - Friday

ഡിയര്‍ബോണ്‍: താപനില ഒറ്റ അക്കത്തില്‍ എത്തിയപ്പോള്‍ അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലെ ഡിയര്‍ബോണിലെ ഡിവൈന്‍ ചൈല്‍ഡ് എലിമെന്ററി സ്കൂള്‍ അങ്കണത്തില്‍ മഞ്ഞു ദേവാലയം നിര്‍മ്മിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വൈദികനും ഇടവക സമൂഹവും. ‘ഡിവൈന്‍ ചൈല്‍ഡ്’ ഇടവകയുടെ അസിസ്റ്റന്റ് വികാരിയായ ഫാ. ഡേവിഡ് പെല്ലിക്കനാണ് ചാപ്പല്‍ വെഞ്ചരിച്ച ശേഷം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. ഹൂട്ടണിലെ മിഷിഗണ്‍ ടെക്ക് യൂണിവേഴ്സിറ്റിയുടെ ശൈത്യകാല കാര്‍ണിവലിന്റെ ഭാഗമായി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ മഞ്ഞു കട്ടകള്‍ കൊണ്ട് ദേവാലയം നിര്‍മ്മിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതില്‍ നിന്നും ലഭിച്ച പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇടവക വിശ്വാസികളുടെ തീക്ഷ്ണതയിലും കൂട്ടായ്മയിലും ഡിവൈന്‍ ചില്‍ മഞ്ഞു ചാപ്പല്‍ രൂപം കൊണ്ടത്. വിശ്വാസികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ മുന്നൂറിലധികം പേര്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു.

ശക്തമായ മഞ്ഞുവീഴ്ചയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ച ഫെബ്രുവരി 15നാണ് ‘ഡിവൈന്‍ ചില്‍’ ചാപ്പല്‍ നിര്‍മ്മിക്കുവാന്‍ ഫാ. പെല്ലിക്കനും, ഇടവക വികാരിയായ ഫാ. ബോബ് മക്കാബേയും തീരുമാനമെടുത്തത്. ചൊവ്വാഴ്ച ചാപ്പലിന്റെ രൂപരേഖ തയ്യാറാക്കി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച ചാപ്പല്‍ നിര്‍മ്മാണം ശനിയാഴ്ചയാണ് അവസാനിച്ചത്. ഹൂട്ടണിലെ സെന്റ്‌ ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് യൂണിവേഴ്സിറ്റി ഇടവകയിലെ അസോസിയേറ്റ് പാസ്റ്ററും ഫാ. പെല്ലിക്കന്റെ സുഹൃത്തുമായ ഫാ. ടോം മെര്‍ക്കെലിന്റെ സഹായവും ഉണ്ടായിരുന്നു. മരം കൊണ്ടാണ് ചാപ്പലിന്റെ ചട്ടക്കൂട് തയ്യാറാക്കിയത്.

അള്‍ത്താര ഭിത്തികളിലും, സങ്കീര്‍ത്തിയിലും, മറ്റ് വിശുദ്ധ സ്ഥലങ്ങളിലും മഞ്ഞ് നിറച്ചത് ഡിവൈന്‍ ചൈല്‍ഡ് എലിമെന്ററി സ്കൂളിലേയും, ഹൈസ്കൂളിലേയും വിദ്യാര്‍ത്ഥികളാണെന്നത് ശ്രദ്ധേയമാണ്. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ചാപ്പല്‍ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായി. ചാപ്പല്‍ നിര്‍മ്മാണത്തേക്കുറിച്ച് കേട്ടറിഞ്ഞ ഇടവകാംഗങ്ങളും നിര്‍മ്മാണത്തില്‍ പങ്കാളികളാകുവാന്‍ സന്നദ്ധരായതോടെ മഞ്ഞു ചാപ്പല്‍ നിര്‍മ്മാണം ഇടവകയുടെ തന്നെ പദ്ധതിയായി മാറുകയായിരിന്നു. ചാപ്പലിലെ മെഴുകതിരികളും, ക്രൂശിത രൂപവും അടക്കമുള്ള വസ്തുക്കള്‍ സംഭാവനയായി ലഭിച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക ശൈത്യകാല ആഘോഷങ്ങളില്‍ ഒന്നായ ‘എം.ടി.യു’ ശൈത്യകാല കാര്‍ണിവലിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇതിന്റെ ഭാഗമായാണ് മഞ്ഞില്‍ താത്ക്കാലിക ദേവാലയം നിര്‍മ്മിച്ച് ബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

More Archives >>

Page 1 of 57