Life In Christ - 2024

മാർച്ച് 12 മുതൽ പിറ്റേന്ന് വരെ 'കർത്താവിനായി 24 മണിക്കൂർ' ആചരിക്കുവാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

ഫാ. ജിയോ തരകന്‍/ പ്രവാചക ശബ്ദം 27-02-2021 - Saturday

വത്തിക്കാന്‍ സിറ്റി: നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിന്റെ കൂടെയായിരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം വീണ്ടും. ഇത്തവണ മാർച്ച് 12 വൈകുന്നേരം മുതൽ 13 വൈകുന്നേരം വരെ 24 മണിക്കൂറും കർത്താവിന്റെ കൂടെയായിരിക്കാനാണ് പാപ്പ ആഹ്വാനം നല്‍കിയിരിക്കുന്നത്. 2014 മുതലാണ് നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിന്റെ കൂടെയായിരിക്കാൻ ദേവാലയങ്ങൾ തുറന്നിടുവാനും കുമ്പസാരിപ്പിക്കാൻ വൈദികൻ തയാറായിരിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തത്. പരിശുദ്ധ കുർബാനയുടെ ആരാധനയ്ക്കും, കുമ്പസാര കൂദാശ പരികർമ്മം ചെയ്യാനും 24 മണിക്കൂറും ദേവാലയത്തിൽ വൈദികർ ഉണ്ടാകും എന്നതാണ് ഈ ദിവസത്തിൻ്റെ പ്രത്യേകത. കഴിഞ്ഞ വർഷം കൊറോണ ലോക്ക്ഡൗൺ കാരണം പല സ്ഥലങ്ങളിലും ഈ ദിവസം ആചരിക്കാൻ സാധിച്ചില്ല.

വെള്ളിയാഴ്ച വൈകിട്ട് വചന പ്രഘോഷണത്തോടെ ആരംഭിച്ച് കുമ്പസാരത്തിന് ജനത്തെ ഒരുക്കുവാനും പിന്നീട് ശനിയാഴ്ച വൈകിട്ട് വിശുദ്ധ ബലിയർപ്പണത്തോടെ അവസാനിപ്പിക്കാനാണ് നിലവില്‍ നല്കിയിരിക്കുന്ന നിർദേശം. "അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്‌ഷമിക്കുന്നു" (സങ്കീർത്തനം 103:3) എന്ന വചനത്തെ ഉദ്ധരിച്ചുകൊണ്ടാണ് ഈ വർഷത്തെ പ്രാർത്ഥനകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാനിലെ നവസുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ ഈ ദിവസത്തെ ആചരണത്തിനായി പ്രാർത്ഥനകൾ പുറത്തിറക്കിയിട്ടുണ്ട്. 'എന്താണ് കുമ്പസാരം എന്ന കൂദാശ', 'എന്തിന് നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയണം', 'ആരോട് ഏറ്റുപറയണം' എന്നൊക്കെ വിവരിക്കുന്ന ഒരു കുമ്പസാര സഹായികൂടിയാണ് 5 യൂറോപ്യൻ ഭാഷകളിൽ പുറത്തിറക്കിയിരിക്കുന്ന ഈ കൈ പുസ്തകം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

More Archives >>

Page 1 of 57