Arts

ദിവ്യകാരുണ്യനാഥനെ കേന്ദ്രമാക്കി ചിത്രീകരിച്ച 'വിവോ'യുടെ ട്രെയിലർ പുറത്തിറക്കി

പ്രവാചക ശബ്ദം 14-03-2021 - Sunday

മെക്സിക്കോ സിറ്റി: ദിവ്യകാരുണ്യത്തെ ആസ്പദമാക്കി ചിത്രീകരിച്ച 'വിവോ' (ജീവിക്കുന്നു) എന്ന ചിത്രത്തിന്റെ ട്രെയിലർ നിർമാതാക്കളായ ബോസ്കോ ഫിലിംസും, ഹക്കുനാ ഫിലിംസും പുറത്തുവിട്ടു. "നിങ്ങൾ നോക്കുവാൻ ശ്രമിച്ചാൽ നിങ്ങൾക്ക് അവനെ കാണാൻ സാധിക്കും, നിങ്ങൾ കേൾക്കുവാൻ ശ്രമിച്ചാൽ നിങ്ങൾക്ക് അവനെ കേൾക്കാൻ സാധിക്കും, വിശ്വസിക്കാൻ പ്രയാസമാണെങ്കിലും തിരുവോസ്തിയില്‍ ജീവനുണ്ട്" എന്ന വാചകങ്ങളോടെയാണ് ട്രെയിലറിലെ അവതരണം. ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും എങ്ങനെ ആളുകളുടെ ജീവിതത്തെ സ്പർശിക്കുമെന്ന് വിവോയിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ജേയ്മി, കാർലോസ്, ആൻഡ്രിയ, ദമ്പതികളായ അന്തോണിയോ, സോൺസൊലസ് എന്നിവരുടെ ജീവിതാനുഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ മണിക്കൂറുകളോളം ചെലവഴിക്കുന്ന നിരവധി ആളുകളോടൊപ്പം തങ്ങൾ ചിത്രീകരണ സമയത്ത് മണിക്കൂറുകൾ പങ്കിട്ടുവെന്ന് വിവോയുടെ നിർമാതാക്കൾ പറഞ്ഞു. നിരവധി ആളുകൾക്ക് ഈ ലോകത്തിന്റെതല്ലാത്ത ഒരു സമാധാനം ക്രിസ്തുവിലൂടെ ലഭിക്കുന്നു. അത് വലിയൊരു മഹത്തരമായ കാര്യമാണെന്ന് പറയാന്‍ സിനിമയിലൂടെ ആഗ്രഹിക്കുന്നുവെന്നും നിർമാതാക്കൾ വിശദീകരിച്ചു.

വിശ്വാസികളിലും, അവിശ്വാസികളിലും ചിത്രം ഒരേ പോലെ താല്പര്യമുളവാക്കുമെന്ന പ്രതീക്ഷയും നിര്‍മ്മാതാക്കള്‍ പങ്കുവച്ചു. ഏപ്രിൽ ഒമ്പതാം തീയതിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നത്. ചലച്ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്ന ഹക്കുനാ മാഡ്രിഡ് അതിരൂപതയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വിശ്വാസികളുടെ സംഘടനയാണ്. തിരുവോസ്തി രൂപനായ ദിവ്യകാരുണ്യ നാഥന് മുമ്പിൽ മുട്ടുകുത്തി സ്വായത്തമാക്കിയ ജീവിതക്രമം പിന്തുടരുന്ന ക്രൈസ്തവരാണ് തങ്ങളെന്നാണ് സംഘടന തങ്ങളെ തന്നെ വെബ്സൈറ്റിൽ വിശേഷിപ്പിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »