Life In Christ - 2025
ആദ്യ വിശുദ്ധനുള്ള നടപടികള്‍ ആരംഭിച്ച് സിംബാബ്‌വേ സഭ
സ്വന്തം ലേഖകന്‍ 06-09-2019 - Friday
ഹരാരെ: സിംബാബ്‌വേയിലെ കുഷ്ഠ രോഗികള്‍ക്കായി തന്റെ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച ജോണ്‍ ബ്രാഡ്ബേണ്‍ എന്ന ഫ്രാന്‍സിസ്കന്‍ അല്‍മായ മിഷ്ണറി സിംബാബ്‌വേയുടെ ആദ്യ വിശുദ്ധനായേക്കും. ബ്രാഡ്ബേണിന്റെ നാല്‍പ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം വിശുദ്ധ പദവിക്ക് യോഗ്യനാണോയെന്ന് തീരുമാനിക്കുന്നതിനുള്ള മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന നടപടികള്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ചു. ഈ ദിവസങ്ങളില്‍ സിംബാബ്‌വേയിലെ കത്തോലിക്കാ സഭ ബ്രാഡ്ബേണിന്റെ വിശുദ്ധ പദവിയെ അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ കേള്‍ക്കും. സിംബാബ്‌വെയിലെ കുഷ്ഠരോഗികള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഈ ഫ്രാന്‍സിസ്കന്‍ മിഷ്ണറി ത്യാഗപൂര്‍ണ്ണമായ ജീവിതമായിരുന്നു നയിച്ചിരുന്നത്.
ഇന്ത്യയിലടക്കം സഞ്ചരിച്ചിട്ടുള്ള ജോണ്‍ ബ്രാഡ്ബേണ്‍ എന്ന ബ്രിട്ടീഷ് സൈനികന്‍ ഒമ്പതാം ഗൂര്‍ഖ റൈഫിള്‍സിനൊപ്പം ധീരമായി പോരാടിയശേഷം ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കത്തോലിക്കാ സഭയുമായി അടുക്കുന്നത്. ലോകം മുഴുവന്‍ അലഞ്ഞതിന്റെ അനുഭവസമ്പത്തുമായി 1969-ല്‍ ഇന്ന് സിംബാബ്‌വേ എന്നറിയപ്പെടുന്ന റൊഡേഷ്യയില്‍ എത്തിയ ബ്രാഡ്ബേണ്‍ ഹരാരെയുടെ കിഴക്കുഭാഗത്ത് മൊസാംബിക്കിന്റെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മൂട്ടെംവ്വായിലെ കുഷ്ഠരോഗ ശുശ്രൂഷാ കേന്ദ്രത്തിലെ വാര്‍ഡനായി സേവനമാരംഭിച്ചു.
വടക്കു കിഴക്കന്‍ സിംബാബ്‌വേയില്‍ നിന്നും വെള്ളക്കാരായ പുരോഹിതന്‍മാരെയെല്ലാം പുറത്താക്കിയെങ്കിലും ബ്രാഡ്ബേണ്‍ അവിടെനിന്നും പോകുവാന്‍ കൂട്ടാക്കാതെ കുഷ്ഠരോഗികള്‍ക്കിടയിലുള്ള തന്റെ സേവനം തുടര്‍ന്നു. ഒരു ചെറിയ തകര കുടിലില്‍ കവിതയും, ഹാര്‍മോണിയവുമായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്. ചാരനെന്ന ആരോപണത്തിന്റെ പേരില്‍ 1979-ല്‍ സിംബാബ്‌വെയില്‍ വെച്ച് അതിക്രൂരമായി കൊല്ലപ്പെടാനായിരുന്നു ഈ മനുഷ്യസ്നേഹിയുടെ വിധി.
റൊഡേഷ്യന്‍ ബുഷ് വാര്‍ എന്നറിയപ്പെടുന്ന ആഭ്യന്തര യുദ്ധത്തിനിടെ കുഷ്ഠ രോഗികളെ അധിവസിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിലെത്തിയ ഗറില്ലകള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട് ഏതാണ്ട് 4 ദശകങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുന്നത്. നിരവധി വിശ്വാസികളാണ് ബ്രാഡ്ബേണ്‍ ജീവിച്ചിരുന്ന സ്ഥലം സന്ദര്‍ശിക്കുവാന്‍ ഇന്നു എത്തിക്കൊണ്ടിരിക്കുന്നത്. ബ്രാഡ്ബേണിന്റെ മാധ്യസ്ഥത്താല്‍ തങ്ങളുടെ രോഗം സൌഖ്യപ്പെട്ടു എന്ന അവകാശവാദവുമായി നിരവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്.