News - 2025
നീതി നിഷേധം തുടരുന്നു: ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി വീണ്ടും തള്ളി
പ്രവാചക ശബ്ദം 22-03-2021 - Monday
മുംബൈ: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തടവിലാക്കിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) കോടതി തള്ളി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെയാണ് പാര്‍ക്കിന്‍സണ്‍സ് രോഗികൂടിയായ എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി ഇന്ന് (മാര്‍ച്ച് 22) തിങ്കളാഴ്ച തള്ളിയത്.
അദ്ദേഹത്തിന്റെ നിരപരാധിത്വവും ഫാ. സ്റ്റാന്‍ സ്വാമിയുടെ പാര്‍ക്കിന്‍സണ്‍സ് രോഗം, കേള്‍വികുറവ്, പ്രായാധിക്യം, കൊറോണ പകര്‍ച്ചവ്യാധി തുടങ്ങിയവയും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ഷരീഫ് ഷെയിഖ് നല്‍കിയ ജാമ്യാപേക്ഷ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് ഷെട്ടിയുടെ വാദത്തെ അനുകൂലിച്ച് ജഡ്ജി ദിനേശ് കോത്താലിക്കര്‍ തള്ളിക്കളയുകയായിരുന്നു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനു പിന്നാലേ ഈശോസഭയുടെ ഭാരതത്തിലെ പ്രസിഡന്റ് ഫാ. ജെറോം സ്റ്റാനിസ്ലാവോസ് ഡി’സൂസ ഖേദം രേഖപ്പെടുത്തിക്കൊണ്ട് പ്രസ്താവന പുറത്തുവിട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥന തുടരുമെന്നും, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ഈശോ സഭ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പൂണെയിലെ ശനിവാര്‍ വാഡെയില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിയുമായി ബന്ധപ്പെട്ടാണ് ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിലാകുന്നത്. ഈ പരിപാടി മാവോയിസ്റ്റ് അനുകൂലമുള്ളവര്‍ സംഘടിപ്പിച്ചതാണെന്നും, മാവോയിസ്റ്റ് സ്വഭാവത്തോടുകൂടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ’ (മാവോയിസ്റ്റ്) പ്രവര്‍ത്തനങ്ങളില്‍ വൈദികന് പങ്കുണ്ടെന്നുമായിരുന്നു രജിസ്റ്റര്‍ ചെയ്ത ‘എഫ്.ഐ.ആര്‍’ല്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ജെസ്യൂട്ട് സഭ വ്യക്തമാക്കുന്നത്.
കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. അതേസമയം വൈദികന്റെ അറസ്റ്റിനെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനു പിന്നില്‍ ശക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ വ്യാപിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക