News - 2025

സിറിയന്‍ ക്രൈസ്തവര്‍ ഇസ്ലാമിക പോരാളി സംഘടനയുടെ തടവിലെന്ന് റിപ്പോര്‍ട്ട്

പ്രവാചക ശബ്ദം 23-03-2021 - Tuesday

ബാഗ്ദാദ്: വടക്കു കിഴക്കന്‍ സിറിയയിലെ ഹസ്സാക്കാക്ക് സമീപമുള്ള അല്‍-എയിനിലെ സ്വയം പ്രഖ്യാപിത ഇസ്ലാമിക പോരാളി സംഘടനയായ ‘സിറിയന്‍ നാഷ്ണല്‍ ആര്‍മി’ തടവിലാക്കിയവരില്‍ ക്രൈസ്തവരും. 2011-ല്‍ ഈജിപ്തില്‍ നടന്ന സമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള വ്യക്തിയും അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനുമായ നയീം മല്‍ക്കിയും, അദ്ദേഹത്തിന്റെ അമ്മാവനുമാണ് ഇസ്ലാമിക പോരാളി സംഘടന അന്യായമായി തടവിലാക്കിയിരിക്കുന്ന ക്രൈസ്തവര്‍. ദ്വേരാ ഗ്രാമത്തിലെ സ്വന്തം വീട്ടില്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ‘സുല്‍ത്താന്‍ ഷാ ബ്രിഗേഡ്’ല്‍ പെടുന്ന പോരാളികള്‍ ഇരുവരേയും അറസ്റ്റ് ചെയ്തതെന്നു ‘ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്-വൈഡ്’ന്റെ (സി.എസ്.ഡബ്ലിയു) റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ചോദ്യം ചെയ്യലിനായി ഇരുവരേയും അല്‍-എയിന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചതെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

ഇരുവരേയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഒടുവില്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വയം ഭരണാധികാരമുള്ള വടക്കു-കിഴക്കന്‍ സിറിയയുടെ സംരക്ഷണ ചുമതല നിര്‍വഹിക്കുകയും, സിറിയയിലെ തുര്‍ക്കി സാന്നിധ്യത്തെ എതിര്‍ക്കുകയും ചെയ്യുന്ന ‘സിറിയന്‍ ഡെമോക്രാറ്റിക്‌ ഫോഴ്സസ്’ (എസ്.ഡി.എഫ്) എന്ന പോരാളി സംഘടനയില്‍ അംഗമായ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഇസ്ലാമിക പോരാളികള്‍ തിരിച്ചറിഞ്ഞതാണ് തടവിന് കാരണമായത്. കുറ്റവാളികളും, തീവ്രവാദ സ്വഭാവമുള്ളവരുമായ ഇസ്ലാമിക പോരാളി സംഘടനയുടെ തടവിലായിരിക്കുന്നതിനാല്‍ തടവില്‍ കഴിയുന്നവരുടെ കാര്യത്തില്‍ എന്തും സംഭവിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ മേഖലകളില്‍ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണമെന്ന് തങ്ങള്‍ നിരന്തരം തുര്‍ക്കി അധികാരികളോട് ആവശ്യപ്പെട്ടുവരികയാണെന്ന് 'ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്-വൈഡ്’ന്റെ സ്ഥാപക പ്രസിഡന്റായ മെര്‍വിന്‍ തോമസ്‌ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ പത്താം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹവും, യു.എന്‍ സുരക്ഷാ സമിതിയും, അന്താരാഷ്ട്ര സംവിധാനങ്ങളും സിറിയന്‍ ജനതയെ പരാജയപ്പെടുത്തിയെന്ന പ്രത്യേക ദൗത്യസംഘത്തിന്റെ അഭിപ്രായത്തോട് തങ്ങള്‍ യോജിക്കുന്നുണ്ടെന്ന്‍ പറഞ്ഞുകൊണ്ട് കൂടുതല്‍ ഉള്‍കൊള്ളുന്ന ഭരണഘടനക്കും, ദേശീയ അനുരജ്ഞനത്തിനും, നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.


Related Articles »