Life In Christ - 2025
യേശു ഏകരക്ഷകനാണെന്ന് തിരിച്ചറിഞ്ഞിട്ട് അരനൂറ്റാണ്ട്: ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച രാധ ഇന്ന് സിസ്റ്റര്‍ മേരി ജോസഫ്
പ്രവാചക ശബ്ദം 26-03-2021 - Friday
മുംബൈ: ഇന്നലെ മാര്‍ച്ച് 25ന് മുംബൈയിലെ കാര്‍മ്മലൈറ്റ് ആശ്രമം പരിശുദ്ധ കന്യകാമാതാവിന്റെ മംഗളവാര്‍ത്താ തിരുനാളിനൊപ്പം മറ്റൊരു വ്യത്യസ്തമായ ആഘോഷവും നടത്തുകയുണ്ടായി. ബ്രാഹ്മണ ഹിന്ദു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് കന്യാസ്ത്രീയായി മാറിയ സിസ്റ്റര്‍ മേരി ജോസഫ് രാധയുടെ മാമ്മോദീസായുടെ സുവര്‍ണ്ണ ജൂബിലീ ആഘോഷമായിരുന്നു അത്. തങ്ങളുടെ നോമ്പുകാല ഉപവാസം ഒരു ദിവസത്തേക്ക് ഒഴിവാക്കിയാണ് കാര്‍മ്മലൈറ്റ് സമര്‍പ്പിതര്‍ തങ്ങളുടെ സഹോദരിയുടെ മാമ്മോദീസയുടെ സുവര്‍ണ്ണ ജൂബിലി വാര്‍ഷികം ആഘോഷിച്ചത്. ലക്ഷകണക്കിന് ആളുകളില്‍ നിന്നും കത്തോലിക്കയാകുവാന്‍ യേശു തന്നേയാണ് തിരഞ്ഞെടുത്തതെന്നും, 50 വര്‍ഷങ്ങള്‍ക്ക് ശേഷവും തന്റെ ഹൃദയം നന്ദിയാല്‍ നിറഞ്ഞിരിക്കുകയാണെന്നുമായിരുന്നു സിസ്റ്റര്‍ മേരിയുടെ പ്രതികരണം.
1948-ല്‍ കൃഷ്ണന്‍ അയ്യരുടെ മകളായി ജനിച്ച മേരി കത്തോലിക്ക സ്കൂളിലാണ് പഠിച്ചത്. ഈശോ സഭയുടെ കീഴിലുള്ള സെന്റ് സേവ്യേഴ്സ് കോളേജില്‍ പഠിക്കുമ്പോഴാണ് മേരി ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. അതൊരു മനോഹരമായ അനുഭവമായിരുന്നുവെന്ന് സിസ്റ്റര്‍ മേരി സ്മരിക്കുന്നു. ബിരുദ പഠനത്തിന്റെ അവസാന വര്‍ഷമായപ്പോഴേക്കും താന്‍ ക്രൈസ്തവ വിശ്വാസത്തില്‍ ആകൃഷ്ടയായെന്നും നിത്യവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ് 2 ദിവസങ്ങള്‍ക്ക് ശേഷം തന്റെ 23-മത്തെ വയസ്സില്‍ രാധ മരിയ കൃഷ്ണന്‍ എന്ന പേരില്‍ മേരി മാമ്മോദീസ സ്വീകരിക്കുകയായിരിന്നു. 1971 മാര്‍ച്ച് 25ന് ഇപ്പോഴത്തെ മുംബൈ സഹായ മെത്രാനായ ബിഷപ്പ് ആഗ്നെലോ ഗ്രാസിയസില്‍ നിന്നുമാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്.
ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയാണ് ജ്ഞാനസ്നാനം സ്വീകരിക്കാന്‍ എത്തിയതെന്ന് സിസ്റ്റര്‍ സ്മരിക്കുന്നു. മുംബൈ മെത്രാപ്പോലീത്തയുടെ അരമനയിലെ ചാപ്പലില്‍ വളരെ രഹസ്യമായി നടത്തിയ മാമ്മോദീസയില്‍ തലതൊട്ടപ്പനും, തലതൊട്ടമ്മക്കും പുറമേ, സഹപാഠികളും, 6 കന്യാസ്ത്രീകളും മാത്രമാണ് പങ്കെടുത്തത്. മാമ്മോദീസ കഴിഞ്ഞതോടെയാണ് കന്യാസ്ത്രീയാകുവാനുള്ള ദൈവവിളി മേരിയില്‍ നാമ്പിടുന്നത്. 1977-ല്‍ കാര്‍മ്മലൈറ്റ് സഭയില്‍ ചേര്‍ന്നു.
തങ്ങളുടെ പ്രിയ സഹോദരി മേരി ജോസഫ് രാധയുടെ മാമ്മോദീസയുടെ സുവര്‍ണ്ണ ജൂബിലി തങ്ങള്‍ക്ക് മാത്രമല്ല മുഴുവന്‍ സഭക്കും ഒരു മഹത്തായ ദിനമാണെന്നും, ‘വചനം മാംസമായി’ എന്ന മനോഹര രഹസ്യത്തെ ധ്യാനിച്ചുകൊണ്ട്, പരിശുദ്ധ കന്യകാമറിയത്തിന്റെ ‘യെസ്’നൊപ്പം തങ്ങളുടെ പ്രിയ സിസ്റ്ററിന്റെ ‘യെസ്’ കൂടി ആഘോഷിക്കുകയാണെന്നും കാര്‍മ്മലൈറ്റ് ആശ്രമത്തിന്റെ നേതൃനിരയിലുള്ള സിസ്റ്റര്‍ നീന പറഞ്ഞു. ഇന്ന് താന്‍ അനുഭവിച്ചറിഞ്ഞ യേശു ക്രിസ്തുവെന്ന നിത്യമായ സത്യത്തെ അനേകരിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടരുകയാണ് സിസ്റ്റര്‍ രാധ മരിയ കൃഷ്ണന്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക