Meditation. - June 2024

വിശുദ്ധ കുര്‍ബാനയിലൂടെ യേശുവുമായി കൂടികാഴ്ച നടത്തുക.

സ്വന്തം ലേഖകന്‍ 06-06-2021 - Sunday

"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും" (മത്തായി 11: 28).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 6

സ്വന്തം ഹൃദയത്തില്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന 'സന്തോഷത്തിനു വേണ്ടിയുള്ള ദാഹാഗ്നി' ശമിപ്പിക്കുവാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ കാല്‍പാദങ്ങള്‍ ക്രിസ്തുവിലേക്ക് സഞ്ചരിക്കണം. ക്രിസ്തു അവനില്‍ നിന്നും അകലെയല്ല. വാസ്തവത്തില്‍, ഇവിടെ ഈ ഭൂമിയിലുള്ള നമ്മുടെ ജീവിതം, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ലഭിക്കുന്ന ഒരു അവസരമാണ്.

ക്രിസ്തുവുമായി കൂടികാഴ്ച നടത്തിയെന്ന്‍ വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്ന പലരുടേതിനും സമാനമാകാം നാം നടത്തുന്ന കൂടികാഴ്ചകളും. അവ നിക്കോദിമോസിന്റേതു പോലെയുള്ള രാത്രിയിലെ കൂടിക്കാഴ്ചകളാവാം, സമരിയാക്കാരി സ്ത്രീയുടേതുപോലുള്ള സാധാരണ കൂടിക്കാഴ്ചകളാവാം, പശ്ചാത്താപം ചെയ്ത പാപിനിയായ സ്ത്രീ തേടിയതു പോലുള്ള കൂടിക്കാഴ്ചകളാവാം, ജെറിക്കോയുടെ വാതില്‍ക്കല്‍ നിന്നിരിന്ന അന്ധനായ മനുഷ്യന്റേതു പോലുള്ള കൂടിക്കാഴ്ചകളാവാം.

പക്ഷെ, ഇവയില്‍ നിന്നും ഏറെ വ്യത്യസ്തമായി ഏറ്റവും ആഴമേറിയതും, പരിവര്‍ത്തനം വരുത്തുന്നതും, മറ്റെല്ലാത്തിനേയും കീഴ്‌പ്പെടുത്തുന്നതുമായ കൂടിക്കാഴ്ച വിശുദ്ധ കുര്‍ബാന വഴിയായി നാം നടത്തുന്ന കൂടിക്കാഴ്ചയാണ്. ജീവിതഭാരങ്ങളാല്‍ വേദനിക്കുന്ന മനുഷ്യനെ, വിശുദ്ധ കുര്‍ബാനയിലൂടെ സ്‌നേഹത്തിന്റേ ഇളം ചൂടുകൊണ്ടാണ് യേശു ആശ്വസിപ്പിക്കുന്നത്. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍" എന്ന വാക്കുകള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് തെളിയുന്നത് വിശുദ്ധ കുര്‍ബ്ബാനയില്‍ത്തന്നെയാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫോര്‍ട്ടലിസ, 9.7.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »