News - 2024

ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷി ഫാ. സ്റ്റാന്‍ സ്വാമിക്ക് ഇന്ന്‌ 84ാം പിറന്നാള്‍

പ്രവാചക ശബ്ദം 26-04-2021 - Monday

മുംബൈ: ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണക്കുകയും നിര്‍ധനരായ മനുഷ്യര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തുകയും ചെയ്തതിന്റെ പേരില്‍ ഭരണകൂടം വ്യാജ ആരോപണം ഉന്നയിച്ച് തടവിലാക്കിയ ജെസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ ഇന്നു 84ാം പിറന്നാള്‍. സ്റ്റാൻ സ്വാമി എന്നറിയപ്പെടുന്ന സ്റ്റാൻ ലൂർദു സ്വാമി 1937 ഏപ്രിൽ 26ന് തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ജനിച്ചത്. ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല.

എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിക്കളഞ്ഞിരിന്നു.

വൈദികന്റെ അറസ്റ്റിനെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിരപരാധിത്വം അംഗീകരിച്ച് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങളിലും ധര്‍ണ്ണ സംഘടിക്കപ്പെട്ടിരിന്നു. അതേസമയം വൈദികന്റെ അറസ്റ്റിനു പിന്നില്‍ ശക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. ഉത്തരേന്ത്യയില്‍ പിന്നാക്ക വിഭാഗക്കാരും ആദിവാസികളുമായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലെ ഉദാഹരണമായാണ് ഈ വൃദ്ധവൈദികന്റെ അറസ്റ്റിനെ പൊതുവേ നോക്കി കാണുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »