News - 2025
അര്‍മേനിയന്‍ ക്രൈസ്തവ കൂട്ടക്കൊലയെ വംശഹത്യയെന്ന് വിളിച്ച ബൈഡന് അഭിനന്ദനവുമായി പ്രമുഖ ക്രിസ്ത്യന്‍ സംഘടന
പ്രവാചക ശബ്ദം 27-04-2021 - Tuesday
വാഷിംഗ്ടണ്‍ ഡിസി: ഒന്നാം ലോകമഹായുദ്ധക്കാലത്ത് നിരപരാധികളായ പതിനഞ്ചു ലക്ഷത്തോളം അര്‍മേനിയന്‍ ക്രൈസ്തവരെ കൊന്നൊടുക്കിയ ഓട്ടോമന്‍ തുര്‍ക്കികളുടെ ക്രൂരതയെ ‘വംശഹത്യ’ എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനവുമായി പ്രമുഖ ക്രിസ്ത്യന്‍ സംഘടന. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ അന്താരാഷ്ട്ര നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് ബൈഡനെ അനുമോദിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത്. അര്‍മേനിയന്‍ കൂട്ടക്കൊലയുടെ വാര്‍ഷിക അനുസ്മരണ ദിനത്തില്‍ ബൈഡന്റെ മുന്‍ഗാമികള്‍ പ്രസ്താവനകള്‍ പുറത്തുവിടാറുണ്ടെങ്കിലും തുര്‍ക്കി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‍ ‘വംശഹത്യ’ എന്ന പദം ഉപയോഗിക്കാറില്ലായിരുന്നുവെന്നും ബൈഡന്‍റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഐ.സി.സി യുടെ പ്രസ്താവനയില്‍ പറയുന്നു.
കൂട്ടക്കൊലയെ തുര്‍ക്കി ‘വംശഹത്യ’യായി അംഗീകരിക്കാതിരിക്കുകയും, നാഗോര്‍ണോ-കരാബാഖ് സംഘര്‍ഷത്തിലെന്നപോലെ അര്‍മേനിയക്കാര്‍ക്കെതിരെയുള്ള ‘വംശഹത്യാ’നയം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബൈഡന്റെ ഈ തീരുമാനം നിര്‍ണ്ണായകമാണെന്നാണ് ഐ.സി.സി പറയുന്നത്. 1915 മുതല്‍ നടത്തിവരുന്ന ആസൂത്രിതമായ അടിച്ചമര്‍ത്തലിനെ തുടര്‍ന്നു അര്‍മേനിയക്കാര്‍ നിരന്തരം സഹനമനുഭവിച്ചു വരികയാണെന്നും, അവര്‍ക്കൊപ്പം നിലകൊള്ളേണ്ടത് അമേരിക്കയുടെ കര്‍ത്തവ്യമാണെന്നും ഐ.സി.സി യുടെ അഡ്വോക്കസി ഡയറക്ടര്‍ മാറ്റിയാസ് പെര്‍ട്ടുല പറഞ്ഞു.
മനുഷ്യാവകാശ കാഴ്ചപ്പാടില്‍ നിന്നു വീക്ഷിക്കുമ്പോള്‍ ഇരകള്‍ക്ക് മാത്രമല്ല നാം ഓരോരുത്തരേയും സംബന്ധിച്ചിടത്തോളവും ഇതൊരു സുപ്രധാനമായ നിമിഷമാണെന്നു റട്ജേഴ്സ് സര്‍വ്വകലാശാലയുടെ ‘സെന്റര്‍ ഫോര്‍ ദി ജെനോസൈഡ് ആന്‍ഡ് ഹുമന്‍റൈറ്റ്സ്’ ഡയറക്ടറായ അലക്സ് ഹിന്റണ്‍ പ്രതികരിച്ചു. ‘ദി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡ’വും (യു.എസ്.സി.ഐ.ആര്‍.എഫ്) ബൈഡന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതിനായി പോരാടിക്കൊണ്ടിരിക്കുന്ന അര്‍മേനിയക്കാര്‍ക്ക് അമേരിക്ക തങ്ങളുടെ പക്ഷത്താണെന്ന് ഉറപ്പിക്കാമെന്നു യു.എസ്.സി.ഐ.ആര്‍.എഫ് ചെയര്‍മാന്‍ ഗെയ്ലെ മാഞ്ചിന്‍ പറഞ്ഞു.
അതേസമയം ബൈഡന്റെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് തുര്‍ക്കി അധികാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഭൂതകാലത്തേക്കുറിച്ച് തങ്ങള്‍ക്കറിയാമെന്നും, ജനകീയതയുടെ അടിസ്ഥാനത്തിലുള്ള വഞ്ചനാത്മകമായ ഈ പ്രസ്താവനയെ തള്ളിക്കളയുന്നുവെന്നുമാണ് തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്ര അനുകൂലിയായ ബൈഡന്‍റെ നിലപാടുകള്‍ക്ക് എതിരെ വിവിധ ക്രൈസ്തവ സംഘടനകള്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അര്‍മേനിയ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക