Meditation. - June 2024

വിശുദ്ധ കുര്‍ബാന- ക്രിസ്തുവുമായുള്ള കൂടിച്ചേരലിനുള്ള ഏകമാര്‍ഗ്ഗം.

സ്വന്തം ലേഖകന്‍ 05-06-2016 - Sunday

"അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്" (1 കോറിന്തോസ് 10:17).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 8

ഒരു മേശയ്ക്ക് ചുറ്റുമുള്ള ഒത്തുകൂടല്‍ എന്ന്‍ വെച്ചാല്‍ അത് ഒരു വ്യക്തിഗത ബന്ധത്തിന്റേയും, പരസ്പര സ്നേഹത്തിന്റേയും, കൂട്ടായ്മയാണ്. ഈ വിധത്തില്‍ വിശുദ്ധ കുര്‍ബ്ബാന, കൂട്ടായ്മയുടേയും ക്ഷമയുടെയും, സ്‌നേഹത്തിന്റേയും ഒരു പ്രകടമായ അടയാളമായി തീരുന്നു. നമ്മുടെ ഹൃദയത്തിന് വേണമെന്ന് തോന്നുന്ന യാഥാര്‍ത്ഥ്യങ്ങളല്ലേ ഇതെല്ലാം? വിശുദ്ധ കുര്‍ബ്ബാന ഈ സന്തോഷമാകുന്ന യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുകമാത്രമല്ല, ഭംഗിയായി സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്.

വിശുദ്ധ ബലി നമ്മേ ക്രിസ്തുവുമായി രക്തബന്ധമുള്ളവരാക്കിത്തീര്‍ക്കുന്നു. അങ്ങനെ യേശുവില്‍ നാം ഒന്നായി തീരുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്ക് ചേരുന്നതിന്റെ പ്രയോജനം വി. ജോണ്‍ ക്രിസോസ്റ്റം പറയുന്നത് ഇപ്രകാരമാണ്: "നാം അതേ ശരീരമാണ്. അപ്പം ശരിക്കും എന്താണ്? ക്രിസ്തുവിന്റെ ശരീരം. അപ്പോള്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവര്‍ എന്താണ് ആയിത്തീരുന്നത്? ക്രിസ്തുവിന്റെ ശരീരം".

വാസ്തവത്തില്‍, അപ്പം പലതരം ധാന്യങ്ങളുടെ ഫലമാണ്; അത് കുഴഞ്ഞ് ചേര്‍ന്ന് ഒന്നായിരിക്കുന്നതിനാല്‍, ഒന്നിനെ മറ്റൊന്നില്‍ നിന്നും തിരിച്ചറിയാന്‍ ആകാത്തവിധമാണത് സ്ഥിതി ചെയ്യുന്നത്; അതുപോലെ, വിശുദ്ധ കുര്‍ബാനയിലൂടെ നാമും ക്രിസ്തുവില്‍ പരസ്പരം ഒന്നായിത്തീരുകയാണ്. നാം ഭക്ഷിച്ച് പരിപോഷിക്കപ്പെടുന്നതില്‍ കുറേപേര്‍ ഒരു ശരീരത്തില്‍ നിന്നും, മറ്റ് കുറേപ്പേര്‍ വേറൊരു ശരീരത്തില്‍ നിന്നുമല്ല; മറിച്ച്, ക്രിസ്തുവെന്ന ഒരേ ശരീരത്തില്‍ നിന്നാണ് നാമെല്ലാവരും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫോര്‍ട്ടലിസാ, 11.8.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »