News - 2025

കോവിഡ് 19: ലാറ്റിന്‍ അമേരിക്കയില്‍ നൂറുകണക്കിന് വൈദികര്‍ മരണമടഞ്ഞതായി എ‌സി‌എന്‍

പ്രവാചക ശബ്ദം 30-04-2021 - Friday

മെക്സിക്കോ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ നിരവധി കത്തോലിക്ക വൈദികര്‍ കോവിഡ് 19 മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. 2020-ലും 2021-ന്റെ ആദ്യപാദത്തിലുമായി ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങളിലായി നൂറുകണക്കിന് വൈദികരാണ് കൊറോണ ബാധിച്ച് മരിച്ചതെന്നു പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍)ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭയത്തിലും വേദനയിലും കഴിയുന്ന അജഗണങ്ങളെ സഹായിച്ചുകൊണ്ട് അജപാലകദൗത്യം നിറവേറ്റുന്നതിനിടയിലാണ് ഇവരില്‍ ഭൂരിഭാഗം പേരും രോഗബാധിതരായത്. മുന്‍കരുതലുകളും, ആരോഗ്യപരമായ നിര്‍ദ്ദേശങ്ങളും പാലിച്ചാല്‍ പോലും വൈദികര്‍ക്ക് രോഗബാധ പിടിപ്പെടുകയാണെന്ന് എ‌സി‌എന്‍ ചൂണ്ടിക്കാട്ടി.

രോഗബാധ ആരംഭിച്ച 2020 മുതല്‍ 2021 മാര്‍ച്ച് വരെ അഞ്ചു മെത്രാന്മാരും, 221 വൈദികരും, 11 ഡീക്കന്‍മാരും, 8 കന്യാസ്ത്രീകളുമാണ് മെക്സിക്കോയില്‍ കോവിഡ് 19 മൂലം മരണപ്പെട്ടത്. വെനിസ്വേലയിലെ മൊത്തം വൈദികരില്‍ പത്തു ശതമാനത്തിനും രോഗബാധയുണ്ടായതായും, കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തെ 2002 പുരോഹിതരില്‍ 201 പേര്‍ക്ക് രോഗബാധയുണ്ടായെന്നും ഇവരില്‍ 24 പേര്‍ മരണപ്പെട്ടുവെന്നും വെനിസ്വേലന്‍ മെത്രാന്‍ സമിതി (സി.ഇ.വി) എ.സി.എന്നിനയച്ച പ്രസ്താവനയില്‍ പറയുന്നു. ‘പെറു’വിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്.

പെറു മെത്രാന്‍ സമിതിയുടെ (സി.ഇ.പി) മുന്‍ പ്രസിഡന്റും, ചിംബോട്ടെയിലെ മുന്‍ മെത്രാനുമായിരുന്ന മോണ്‍. ലൂയിസ് അര്‍മാന്‍ഡോ ബംബാരെന്‍ ഗാസ്റ്റെലുമെന്‍ഡി എസ്.ജെ. യുടെ മരണമാണ് എ‌സി‌എന്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വടക്കന്‍ മേഖലയില്‍ കൂദാശകള്‍ നല്കുന്നതിനിടെ രോഗബാധിതനായ യുവ വൈദികന്‍ ഫാ. ഡെര്‍ഗി ഫാക്കുന്‍ഡോയാണ് ഒടുവില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. കൊളംബിയയിലെ സാന്താ മാര്‍ട്ടാ മെത്രാനായിരുന്ന ലൂയിസ് അഡ്രിയാനോ പീദ്രാഹിതാ ഇക്കഴിഞ്ഞ ജനുവരിയിലാണ് കൊറോണ ബാധിച്ച് മരിച്ചത്.

ബൊളീവിയയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെങ്കിലും ഒരു മെത്രാനുള്‍പ്പെടെ 13 വൈദികര്‍ കൊറോണബാധിച്ച് മരണപ്പെട്ടതായി കഴിഞ്ഞ വര്‍ഷം പകുതിയോടെ ‘ബൊളീവിയ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് റിലീജിയസ് കമ്മ്യൂണിറ്റി’ വ്യക്തമാക്കിയിരിന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ലാറ്റിന്‍ അമേരിക്കന്‍ സഭയുടെ സഹായത്തിനായി 18 ലക്ഷം ഡോളറാണ് എ.സി.എന്‍ സംഭാവനയായി നല്‍കിയത്. നിലവില്‍ ഭൂഖണ്ഡത്തിലെ ഏതാണ്ട് ഏഴായിരത്തിഇരുന്നൂറോളം വൈദികര്‍ക്കു ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ മാസ് സ്റ്റൈപ്പന്‍ഡ് നല്‍കിവരുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »