Youth Zone - 2025
വിശുദ്ധരുടെ കാർട്ടൂണിക്ക് നെയിം സ്ലിപ്പുകളുമായി കെയ്റോസ് ബഡ്‌സ് മാസിക
പ്രവാചക ശബ്ദം 03-05-2021 - Monday
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറിയ കെയ്റോസ് ബഡ്‌സ് കുട്ടി കൂട്ടുകാർക്കായി 16 വിശുദ്ധരുടെ കാർട്ടൂണിക്ക് ഇല്ലസ്ട്രേഷൻസുള്ള നെയിം സ്ലിപ്പുകളുമായി രംഗത്ത്. ഏപ്രിൽ (ഇഷ്യൂ 4) മാസത്തെ ബഡ്‌സ് മാസികയ്ക്കൊപ്പമാണ് ഇവ സൗജന്യമായി വരിക്കാരിലേക്ക് എത്തിച്ചിരിക്കുന്നത്. കാൽനൂറ്റാണ്ട് കാലമായി അച്ചടിരംഗം വഴി കൗമാര യുവജനങ്ങളുടെയിടയിൽ സുവിശേഷവത്കരണ ദൗത്യവുമായി മുന്നേറുന്ന കെയ്റോസ് കുടുംബത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണമാണ് കെയ്റോസ് ബഡ്‌സ്. മലയാളത്തിൽ പുറത്തിറങ്ങുന്ന കെയ്റോസ് മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണമായ കെയ്റോസ് ഗ്ലോബൽ എന്നിവയാണ് മറ്റ് രണ്ട് പ്രസിദ്ധീകരണങ്ങൾ. മൂന്നു മുതൽ 13 വയസ്സു വരെയുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറക്കുന്നത്.
2021 ജനുവരി മുതലാണ് മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കേവലം നാലു മാസങ്ങൾ കൊണ്ട് ആഗോളതലത്തിൽ തന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറാൻ കെയ്റോസ് ബഡ്‌സിന് കഴിഞ്ഞു. കളറിംഗ്, പസിൽസ്, കാർട്ടൂൺസ് എന്നിവയ്ക്കുപുറമേ കുട്ടികൾ തന്നെ പങ്കുവയ്ക്കുന്ന അനുഭവങ്ങളും ചെറുകഥകളും മാസികയുടെ സവിശേഷതയാണ്. ലോക പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളെ പറ്റി പറഞ്ഞു തരുന്ന പിൽഗ്രിമേജ് പേജും, വിശ്വാസത്തെയും ശാസ്ത്രത്തെപ്പറ്റി പഠിപ്പിക്കുന്ന ഫെയ്ത്ത് ആൻഡ് റീസൺ എന്ന പേജും, മാതാപിതാക്കൾക്ക് വേണ്ടിയുള്ള സ്മാർട്ട് പേരെന്റിംഗ് പേജും, സാമൂഹിക അവബോധം പകർന്നുനൽകുന്ന ടേക്ക് കെയർ പേജും, കുട്ടികളുടെ കുട്ടി സംശയങ്ങൾക്ക് വേണ്ടിയിട്ടുള്ള ക്യു ആൻഡ് എ : ഹാവ് ക്വസ്റ്റ്യൻസ് പേജും മാഗസിനെ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ പ്രിയങ്കരമാക്കുന്നു.
കൊച്ചുകുട്ടികൾക്ക് വിശുദ്ധരെ പരിചയപ്പെടുത്തുകയും, അവരിലേക്ക് വിശുദ്ധിയുടെയും, കത്തോലിക്കാ വിശ്വാസത്തിന്റെയും ചെറുമലരുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ വി. ഫ്രാൻസിസ് അസീസി, വി. മദർ തെരേസ, വി. ഡോൺബോസ്കോ, വി.കൊച്ചുത്രേസ്യ, വി. ജോൺപോൾ രണ്ടാമൻ, വി. വിശുദ്ധ അന്തോണിസ് എന്നിങ്ങനെ എക്കാലത്തെയും കുട്ടികളുടെയും, യുവജനങ്ങളുടെയും ഹീറോസായിട്ടുള്ള പതിനാറോളം വിശുദ്ധരുടെ നെയിം സ്ലിപ്പുകളാണ് കെയ്റോസ് പുറത്തിറക്കിയിരിക്കുന്നത്.
✝️ കെയ്റോസിന്റെ ഒഫീഷ്യൽ വെബ്സൈറ്റായ www.kairos.global ൽ നെയിം സ്ലിപ്പുകൾ ഓർഡർ ചെയ്തു വാങ്ങാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.