News

ഇനിയില്ല ആ പുഞ്ചിരി: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന് വിട

പ്രവാചക ശബ്ദം 05-05-2021 - Wednesday

പത്തനംതിട്ട: മാര്‍ത്തോമ്മാ സഭാ വലിയ മെത്രാപ്പോലിത്തയും ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തമാരില്‍ ഒരാളുമായിരിന്ന പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) കാലം ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. നേരത്തെ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുമ്പനാട്ടുള്ള മിഷന്‍ ആശുപത്രിയിലായിരുന്നു വലിയ മെത്രാപ്പോലിത്ത വിശ്രമിച്ചിരുന്നത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനു ജാതി മതങ്ങള്‍ക്കതീതമായി ഏവരുടെയും ഹൃദയത്തില്‍ സ്ഥാനം നേടിയിരിന്നു.

1918 ഏപ്രിൽ 27ന് കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. 1922 മുതൽ 26 വരെ മാരാമൺ പള്ളി വക സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1926 മുതൽ 1930 വരെ മാരാമൺ മിഡിൽ സ്കൂളിലും 1931 മുതൽ 32 വരെ കോഴഞ്ചേരി ഹൈസ്ക്കൂളിലും 1932 മുതൽ 33 വരെ ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്ക്കൂളിലും പഠനം. 1933 മുതൽ 39 വരെ ആലുവ യുസി കോളജ് വിദ്യാർഥി. ഇതിനിടെ 1936ൽ മാതാവിന്റെ വേർപാട്. 1940ൽ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 47 വരെ അവിടെ തുടർന്നു. 1943ൽ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം. മാതൃ ഇടവകയായ ഇരവിപേരൂർ മാർത്തോമ്മാ പള്ളിയിൽ 1944ലെ പുതുവർഷ ദിനത്തിൽ ശെമ്മാശപ്പട്ടവും അതേ വർഷം ജൂൺ മൂന്നിനു വൈദികനുമായി.

1944ൽ ബെംഗളൂരു ഇടവക വികാരി. 1948ൽ കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ വികാരി. 1949ൽ തിരുവനന്തപുരം വികാരി, 1951 മാങ്ങാനം പള്ളി വികാരി. 1953 മേയ് 20ന് റമ്പാൻ സ്ഥാനവും 23ന് എപ്പിസ്കോപ്പ സ്ഥാനവും ലഭിച്ചു. 1953ൽ ഡോ. അലക്സാണ്ടർ മാർത്തോമ്മാ, തോമസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവരോടൊപ്പമായിരുന്നു ഇവരിലെ ഇളയവനായ ക്രിസോസ്റ്റം എപ്പിസ്കോപ്പയായി അവരോധിക്കപ്പെടുന്നത്. 1953–54 കാലത്ത് കാന്റർബറി സെന്റ് അഗസ്റ്റിൻ കോളജിൽ ഉപരിപഠനം. 1954ൽ കോട്ടയം– കുന്നംകുളം ഭദ്രാസനാധിപനായി.

1954 മുതൽ 63 വരെ കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ പദവി വഹിച്ചു. 1954ൽ അഖിലലോക സഭാ കൗൺസിൽ ഇവാൻസ്റ്റൻ സമ്മേളനത്തിൽ മാർത്തോമ്മാ സഭയുടെ പ്രതിനിധിയായി. 1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ സമ്മേളനത്തിലെ ഔദ്യോഗിക നിരീക്ഷകൻ. 1963ൽ മിഷനറി ബിഷപ്. 1968ൽ അടൂർ–കൊട്ടാരക്കര ഭദ്രാസനാധിപനായി. 1968ൽ അഖിലലോക സഭാ കൗൺസിൽ ഉപ്സാല സമ്മേളനത്തിൽ മാർത്തോമ്മാ സഭാ പ്രതിനിധി. 1975ൽ വീണ്ടും മിഷ്ണറി ബിഷപ്പ്. 1978 മേയ് മാസം സഫ്രഗൻ മെത്രാപ്പോലീത്താ പദവിലേക്ക് ഉയർത്തപ്പെട്ടു. 1980ൽ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധ്യക്ഷനായി. 1990ൽ റാന്നി– നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്പ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂർ– തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പോലീത്തയായി. 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പോലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു. ഭൗതിക ശരീരം തിരുവല്ല അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റി.


Related Articles »